ആറ് മാസത്തിനിടയില്‍ കുവൈത്തില്‍ മരണപ്പെട്ടത് 818 ഇന്ത്യക്കാര്‍.

  • 25/10/2020

കുവൈത്ത് സിറ്റി:  കുവൈത്തില്‍ മരിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ  എണ്ണത്തില്‍ കുറവുണ്ടായതായി ഇന്ത്യന്‍ എംബസ്സിയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.  ജൂണില്‍ ക്രമാതീതമായി കൂടിയ മരണനിരക്ക് ജൂലൈയില്‍ ഉയര്‍ന്ന തോതില്‍ എത്തുകയും പിന്നീട് പതുക്കെ കുറഞ്ഞ് വരികയുമായിരുന്നു.ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 818 ഇന്ത്യക്കാരാണ് രാജ്യത്ത് മരണപ്പെട്ടത്. മരണപ്പെട്ട 359 പേരുടെ മൃത്ദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ 458 പേരുടെ മൃത്ദേഹം കുവൈത്തില്‍ തന്നെ സംസ്കരിച്ചു. കുവൈത്തിലെ പ്രവാസി ജനസംഖ്യയില്‍ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലുള്ളത്.

ഇന്ത്യന്‍ എംബസ്സിയുടെ  കണക്ക് പ്രകാരം മെയ് മാസത്തില്‍ 59 പേരാണ് മരണപ്പെട്ടത്, അതില്‍ 50 പേരുടെ മൃത്ദേഹം നാട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ ഏഴ് പേരെ കുവൈത്തില്‍ തന്നെ സംസ്കരിച്ചു. തുടര്‍ന്ന് ജൂണ്‍  മാസത്തില്‍  124 പേരും ജൂലൈ മാസത്തില്‍ 288 പേരും ഓഗസ്റ്റ് മാസത്തില്‍ 172 പേരും സപ്തംബര്‍ മാസത്തില്‍ 137 ഇന്ത്യക്കാരുമാണ് മരണപ്പെട്ടത്. ജൂലൈ മാസങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കാതെ വരികയും പിന്നീട് കാർഗോ വിമാനങ്ങളിൽ  മൃതദേഹങ്ങൾ മാത്രം കൊണ്ടുപോവുകയും ചെയ്തിരുന്നു. ഈ കാലയളവില്‍ മരണപ്പെട്ടവരില്‍ മിക്കവര്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനാല്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 458 പേരുടെ മൃത്ദേഹം കുവൈത്തില്‍ തന്നെ സംസ്കരിക്കേണ്ടി വന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇവിടെ തന്നെ അടക്കം ചെയ്യണമെന്നാണ് നിയമം. മരിച്ചവരിൽ പലരും വർഷങ്ങളായി നാട്ടിലേയ്ക്ക് പോകാത്തവരാണ്. പ്രിയപ്പെട്ടവരുടെ മുഖം കാണാനാകാതെയാണ് ഇവർ അവസാന യാത്രയായത്. ഇവരുടെ മുഖം അവസാനമായി ഒരു നോക്കു കാണുവാന്‍ ബന്ധുക്കള്‍ക്കും സാധിച്ചില്ല.

Related News