കൊവിഡും, സ്വദേശി വൽക്കരണവും; അറബ് രാജ്യങ്ങളിൽ പ്രവാസികളുടെ എണ്ണം കുറയുന്നു

  • 27/10/2020

സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെയുളള രാജ്യങ്ങളിൽ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ഒമാനിൽ മാത്രം രണ്ടര ലക്ഷത്തിൽ അധികം പ്രവാസികൾ ഈ കഴിഞ്ഞ മാസത്തിനിടെ കുറഞ്ഞതായാണ് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധിയും, സ്വദേശിവൽക്കരണം ഊർജിതമാക്കിയതുമാണ് പ്രവാസികളുടെ എണ്ണം കുറയാൻ പ്രധാന കാരണം. 9 മാസത്തിനിടെ   ഒമാനിൽ പ്രവാസികളുടെ  എണ്ണത്തിൽ 16 ശതമാനത്തിൽ അധികം പേർ കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.  ആകെ പ്രവാസികളുടെ എണ്ണത്തിൽ കുറവുളളതിൽ ഭൂരിഭാ​ഗവും ഇന്ത്യയിൽ നിന്നുളള പ്രവാസികളാണ്. ഇന്ത്യയിൽ നിന്ന് മാത്രമുളളവരിൽ  20 ശതമാനത്തിൽ അധികം കുറവുണ്ടായിട്ടുണ്ട്.

സമാന സാഹചര്യമാണ് സൗദി അറേബ്യയിലും. കൊവിഡ് പ്രതിസന്ധിയും, സ്വദേശി വൽക്കരണം മൂലം പ്രവാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.  സൗദിയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ തോത് 21.5% ആയി വർധിച്ചു.
മുൻവർഷം ഇതേ കാലയളവിൽ 20.4% ആയിരുന്നു.  ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം മലയാളികളടക്കം  2.84 ലക്ഷം വിദേശികൾ ഉൾപ്പെടെ 4 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൽ രേഖപ്പെടുത്തുന്നത്. സൗദിയിൽ ഐ.ടി മേഖലയടക്കം നിരവധി സ്വകാര്യ മേഖലകളിൽ സ്വദേശി വൽക്കരണം ഊർജ്ജിതമാക്കിയിരുന്നു.

സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ചുള്ള കരാറുകള്‍ 86 ശതമാനം പൂര്‍ത്തീകരിച്ചതായി സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. 2021 വരെ 3,60,000 തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നതാണ് ഈ കരാറുകള്‍. 

അഞ്ചു മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം വരെ 1,24,000 ജോലികള്‍ സ്വദേശിവല്‍ക്കരണത്തിന് നിശ്ചയിച്ചിട്ടുണ്ട്. സ്വയം തൊഴില്‍, വിദൂരജോലി, ഫ്‌ലക്‌സിബിള്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് നിയമനിര്‍മ്മാണം നടത്തിയിരുന്നു. ഇതുവഴി 2022 വരെ 2,68,000 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുക എന്നതാണ് സൗദി ലക്ഷ്യം വയ്ക്കുന്നത്.

Related News