ജയില്‍ തടവുകാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കുവൈത്ത് സുപ്രീം കമ്മിറ്റി

  • 28/10/2020

കുവൈത്ത് സിറ്റി : വിവിധ കുറ്റകൃത്യങ്ങളിലായി കുവൈത്ത്  ജയിലില്‍ കഴിയുന്ന സ്വദേശികളായ തടവുകാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ശിക്ഷയില്‍ ഇളവ് നല്‍കുവാന്‍ നീക്കം.കഴിഞ്ഞ ദിവസം ചേര്‍ന്ന  സുപ്രീം കമ്മിറ്റിയാണ്  മൂന്ന് വർഷം വരെ തടവ് അനുഭവിക്കുന്ന കുവൈത്തി തടവുകാര്‍ക്ക് ഇലക്ട്രോണിക് ട്രാക്കിംഗ് ബ്രേസ്ലെറ്റുകൾ ധരിച്ച് ബാക്കിയുള്ള തടവ് കാലം വീടുകളില്‍ കഴിയാമെന്ന്  പ്രഖ്യാപിച്ചത്. 

പുതിയ തീരുമാനത്തിന്‍റെ ആനുകൂല്യം  സ്വദേശികള്‍ക്കും ബിഡൂനുകള്‍ക്കും മാത്രമേ  ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി തലവൻ മുഹമ്മദ് അൽ ദുവാജ് പറഞ്ഞു. പുതിയ ആനുകൂല്യം ലഭിക്കണമെങ്കില്‍ തടവുകാരന് സ്ഥിരമായ താമസസ്ഥലം ഉണ്ടായിരിക്കണം. അതോടപ്പം  തടവ് ശിക്ഷ കഴിയുന്നത് വരെ കുറ്റവാളി തന്റെ വീട്ടിൽ താമസിക്കാൻ ബാധ്യസ്ഥനാകും.  അധികൃതരുടെ  മുൻകൂർ അനുമതിയോടെ മാത്രമേ പുറത്തേക്ക് പോകുവാന്‍ സാധിക്കുകയുള്ളൂവെന്നും  നിയമങ്ങൾ ലംഘിക്കുന്നവരെ ജയിലിലേക്ക് തിരിച്ചയക്കുമെന്നും  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

രാജ്യത്തെ തടവുകാരുടെ എണ്ണവും ചെലവും കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്ന് കരുതുന്നു. ട്രാഫിക് ലംഘനത്തെ തുടര്‍ന്നും മൂന്ന് വർഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്കും സര്‍ക്കാരിന്‍റെ പുതിയ തീരുമാനം ഗുണകരമാകും.  

Related News