കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

  • 29/10/2020

കൊവിഡ് പശ്ചാത്തലത്തിൽ  കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള  തൊഴിലാളികളെ  നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നിർദ്ദേശം നൽകി.   സുപ്രീം കോടതി അഭിഭാഷകൻ ജസ്റ്റിസ് എം. ആർ. ഷായാണ്  കേന്ദ്ര   സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവാസികളുടെ പ്രതിസന്ധിയ്ക്ക്  കേന്ദ്രസർക്കാർ  പരിഹാരം കാണണമെന്നാണ്  ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്ന് അം​ഗ  ബെഞ്ചിലെ അഭിഭാഷകൻ ജസ്റ്റിസ് എം. ആർ. ഷാ നിർദ്ദേശം നൽകിയത്. 

അതേസമയം,  പ്രവാസികളെ  നാട്ടിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.  എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ  വിമാനങ്ങൾ ഇതിനകം കുവൈത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് 83  സർവ്വീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അ‍ഡീഷണൽ സോളിസിറ്റർ ജനറൽ  നടരാജ് വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നും  കോടതിയിൽ സമർപ്പിച്ച  സത്യവാങ്മൂലത്തെ പരാമർശിച്ച് നടരാജ് പറഞ്ഞു,  

ഒക്ടോബർ 1 വരെ 559 വിമാനങ്ങൾ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തിയിട്ടുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.33 ലക്ഷം ഇന്ത്യക്കാരിൽ 87,022 പേരെ സ്വദേശത്തേക്ക് കൊണ്ടുവരാൻ സൗകര്യമൊരുക്കി. വിദേശ വിമാനക്കമ്പനികളും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഒക്ടോബറിൽ വന്ദേ ഭാരത് മിഷൻ  ഏഴാം ഘട്ട സർവ്വീസുണ്ടെന്നും കോടതിയിൽ വ്യക്തമാക്കി. 

33,000 ത്തോളം ഇന്ത്യക്കാർ കുവൈത്തിൽ ഭക്ഷണവും വെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ  കടുത്ത പ്രതിസന്ധിയിലാണെന്ന്  മുതിർന്ന അഭിഭാഷകൻ എസ്. നാഗമുത്തു പറഞ്ഞു. കൊവിഡ് പ്രതിസന്ധി അനിശ്ചിതകാലത്തേക്ക് തുടരാമെന്നും വിദേശത്ത് കുടുങ്ങിയ പ്രവാസികളെ 
എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരണമെന്നും നിർദ്ദേശം നൽകി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കാനും,  അവരെ സ്വദേശത്തേക്ക് മടക്കി കൊണ്ടുവരാനുളള  ഷെഡ്യൂൾ തയ്യാറാക്കാനും ആവശ്യപ്പെട്ടു.  കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും പ്രവാസികൾക്ക് അടിസ്ഥാന അവശ്യവസ്തുക്കളും മരുന്നുകളും നൽകാനും സർക്കാരിനോട് നിർദ്ദേശം നൽകി.

Related News