മെഹ്ബൂലയിൽ പളളിക്ക് സമീപമുളള അനധികൃത കമ്പാർട്ട്മെന്റുകൾ പൊളിച്ചു നീക്കി

  • 30/10/2020

കുവൈറ്റ് സിറ്റി;  മെഹ്ബൂല ഏരിയയിൽ  പളളിക്ക് സമീപമുളള അനധികൃത കമ്പാർട്ട്മെന്റുകൾ പൊളിച്ചു നീക്കിയതായി അധികൃതർ അറിയിച്ചു. നിയമം ലംഘിച്ച് നിർമ്മിച്ച കമ്പാർട്ട്മെന്റുകളാണ് അഹ്മദി മുനിസിപ്പാലിറ്റിയിലെ റിമൂവൽ ആന്റ് ക്ലീനിം​ഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. തൊഴിലാളികൾ താമസ്ഥലമായി ഉപയോ​ഗിച്ചു വരികയായിരുന്നു കമ്പാർട്ട്മെന്റ്. അതേസമയം, താൽക്കാലിക പ്രാർത്ഥന ഹാൾ നിർമിച്ച സ്ഥലത്തിന് ആവശ്യമായ അംഗീകാരങ്ങളും ലൈസൻസുകളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അവ്കാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തെ പ്രതിനിധീകരിച്ച്  അഹ്മദി മുനിസിപ്പാലിറ്റി ഡയറക്ടർ സൗദ് അൽ ദബ്ബൂസ് വ്യക്തമാക്കി.

  പ്രാർത്ഥന ഹാൾ നിർമിച്ച സ്ഥലത്ത് മാലിന്യങ്ങൾ ഉണ്ടെങ്കിൽ വൃത്തിയാക്കാൻ പൊതു ശുചിത്വ, റോഡ് പ്രവൃത്തി വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  താൽക്കാലിക പള്ളിയുടെ അറ്റകുറ്റപ്പണികൾ മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിൽ വരില്ലെന്ന് അഹ്മദി മുനിസിപ്പാലിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Related News