പ്രവാസികൾക്ക് തിരിച്ചടി; സ്വദേശികളെ ജോലിക്ക് നിര്‍ബന്ധമായും നിയമിക്കാനുളള ബില്ലുമായി ബഹ്റൈൻ

  • 31/10/2020

പ്രവാസികൾക്ക് തിരിച്ചടിയായി ബഹ്റൈൻ ഭരണകൂടത്തിന്റെ പുതിയ നീക്കം. ബഹ്റൈനില്‍ സ്വദേശികളെ ജോലികള്‍ക്ക് നിയമിക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിതമാക്കുന്ന ബില്ലിന് പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കി. തൊഴിലുടമകള്‍ സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്. എന്നാല്‍ ഇത് നടപ്പാക്കാന്‍ പ്രയാസമാണെന്നും പുനഃപരിശോധിക്കണമെന്നും തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വദേശികളെ നിയമിക്കാത്ത തൊഴിലുടമകള്‍ക്ക് 5000 മുതല്‍ 20,000 ദിനാര്‍ വരെ പിഴയും പുതിയ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ എല്ലാ തൊഴിലുടമകളും സ്വദേശി തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. താരതമ്യേന വേതനം കുറഞ്ഞ തൊഴിലുകളാണ് പ്രവാസി ജീവനക്കാര്‍ ചെയ്യുന്നതെന്നും ഇത്തരം തൊഴിലുകളോട് പൊതുവെ സ്വദേശികള്‍ വിമുഖത കാണിക്കുന്നവരാണെന്നും മന്ത്രാലയം പറയുന്നു. വിദേശ നിക്ഷേപം കൊണ്ടുവന്ന് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ തൊഴില്‍ പരിശീലനം നല്‍കാനും പദ്ധതിയിടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

Related News