കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ വഴി കണ്ടെത്തി കുവൈറ്റ് യുവ വൈറോളജിസ്റ്റ്

  • 02/11/2020

കുവൈറ്റ് യുവ വൈറോളജി വിദഗ്ധനും യുകെയിലെ ലീഡ്സ് സർവകലാശാലയിൽ ഡോക്ടറേറ്റ് ഗവേഷകനുമായ ഇബ്രാഹിം അൽ മസൂദ് കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ വഴി കണ്ടെത്തിയതായി റിപ്പോർട്ട്.  കൊവിഡ്  വൈറസിനെതിരെയുളള  ഗവേഷണത്തിനായി പ്രവർത്തിക്കുന്ന ചുരുക്കം ചില  കുവൈത്ത് പൗരന്മാരിൽ ഒരാളായി അൽ മസൂദ് മാറി.  ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊവിഡ് വൈറസിനെ കുറിച്ചാണ് അദ്ദേഹം പഠിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച്  ഡോക്ടറൽ പ്രോഗ്രാമിൽ തന്റെ സൂപ്പർവൈസറുമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.  കൊവിഡ് -19 വൈറസിന്റെ ചികിത്സയെക്കുറിച്ചും ശരീരകോശങ്ങൾക്കിടയിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനെ കുറിച്ചുമാണ് പ്രധാനമായും പഠനം നടത്തുന്നത്.  


പ്രാഥമിക ഫലങ്ങളിൽ എത്തിച്ചേർന്നതായും രണ്ട് മാസത്തിനുള്ളിൽ ചികിത്സ വിജയം കാണുമെന്നും അൽ മസൂദ്  വ്യക്തമാക്കി.
കൊവിഡിനെ പ്രതിരോധിക്കാൻ കണ്ടെത്തിയ മരുന്ന് പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മാരകമായ വൈറസുകൾ രോഗപ്രതിരോധവ്യവസ്ഥയിൽ നിന്ന് കോശങ്ങളിലേക്ക് നീങ്ങുന്നു. കോശങ്ങളിലാണ് പ്രധാനമായും ഇത്തരം വൈറസുകൾ രൂപപ്പെടുന്നതും, ഇത്തരത്തിലുളള കോശങ്ങൾക്ക് പ്രതിരോധ ശേഷി നൽകാനുളള മരുന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.   

Related News