കേന്ദ്ര പദ്ധതികള്‍ പാവങ്ങളിലെത്തിക്കാന്‍ മമത സമ്മതിക്കുന്നില്ല: അമിത് ഷാ

  • 05/11/2020

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ കേന്ദ്ര പദ്ധതികള്‍ പാവപ്പെട്ടവരില്‍ എത്തിക്കാന്‍ മമത അനുവദിക്കുന്നില്ലെന്നാണ് അമിത് ഷായുടെ വിമര്‍ശനം. ബംഗാള്‍ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് അമര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ബംഗാളില്‍ എത്തിയത്. ആദിവാസി മേഖലയായ ബന്‍കുറയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസാരിച്ചത്. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. 

ബംഗാളിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ മാത്രമേ ആ മാറ്റം സാധ്യമാകൂ എന്നും അമിത് ഷാ പറഞ്ഞു.

Related News