കുവൈറ്റിൽ റെസിഡൻസി വിസ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ അവസരം

  • 09/11/2020

കുവൈറ്റിൽ റെസിഡൻസി വിസ കാലാവധി കഴിഞ്ഞാവർക്ക് പുതുക്കാൻ അവസരം നൽകുമെന്ന്  ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞ വിസ പുതിക്കുന്നതിനുളള അപേക്ഷാ ഫയലുകൾ ആഭ്യന്തര മന്ത്രാലയം അവലോകനം ചെയ്യാൻ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു,  റെസിഡൻസി വിസകൾ 2019ൽ  കാലഹരണപ്പെട്ടവർക്കാണ് പുതുക്കാൻ അവസരം. അധികാരികളുടെ നിർദ്ദേശ പ്രകാരം ചില പ്രവാസികളുടെ റെസിഡൻസി വിസ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ അനുവദിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ താമസ രേഖ നടപടി ക്രമങ്ങൾ പ്രകാരം തൊഴിൽ കരാർ പത്രം ( ഇദ്ൻ അമൽ ) പുറത്തിറങ്ങുകയും പിഴ സംഖ്യ അടക്കുകയും തുടർന്നുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ താമസ നിയമ ലംഘകരായി മാറിയവർക്കാണു ഈ അവസരം ലഭിക്കുക. അതേ പോലെ താമസ രേഖ നടപടിക്രമങ്ങൾ പ്രകാരം തൊഴിൽ കരാർ പത്രം പുറത്തിറങ്ങുകയും എന്നാൽ പിഴ അടക്കുവാനോ തുടർന്നുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനോ സാധിക്കാതെ നിയമ ലംഘകരായി മാറിയവർക്കും അടുത്ത ഘട്ടത്തിൽ ഈ അവസരം നൽകുവാനും മന്ത്രാലയം ആലോചിക്കുന്നു.

 വിസ പുതുക്കാൻ 2020 ജനുവരി 2ന് മുമ്പ് അപേക്ഷ സമർപ്പിച്ചവരെയാണ് ആദ്യം പരി​ഗണിക്കുക. കൊവിഡ് പ്രതിസന്ധി മൂലം സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് അപേക്ഷകൾ അവലോകനം ചെയ്യാൻ സമയം കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് കാലത്ത് റെഡിഡൻസി വിസയുടെ കാലാവധി കഴിഞ്ഞ് നിയമം ലംഘിച്ച് നിരവധി പേർ കുവൈറ്റിൽ താമസിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.  പല പ്രവാസികളും അനധികൃത പെർമിറ്റ് ഉപയോ​ഗിച്ച് കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ടെന്നും, താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിസ പുതുക്കാൻ കഴിയാത്തവരെ നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

Related News