കുവൈറ്റിൽ കൊവിഡ് വൈറസ് വ്യാപനമുണ്ടാകുമോയെന്ന ഭീതിയിൽ ആരോ​ഗ്യമന്ത്രാലയം

  • 09/11/2020

കുവൈറ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം  കൊവിഡ് വൈറസ് വ്യാപനമുണ്ടാകുമോ എന്ന ഭീതിയിൽ ആരോ​ഗ്യമന്ത്രാലയത്തിലെ  അധികൃതർ.  ഡിസംബര്‍ അഞ്ചിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരോ​ഗ്യ അധികൃതർ ആശങ്ക പ്രകടിപ്പിച്ചത്. പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.  വോട്ടിങ്, ഫലപ്രഖ്യാപനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകൾ ഒത്തുകൂടാനുളള സാഹചര്യമുണ്ടാകുമെന്നും അധികൃതർ പറയുന്നു.  നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആരോ​ഗ്യമന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് പ്രോട്ടോക്കാൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു ആരോ​ഗ്യമന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. 

അതേസമയം, കൊവിഡ് രോ​ഗികൾ വർധിച്ചാൽ  കുവൈറ്റിൽ വീണ്ടും  ലോക്ക്ഡൗണ്‍  ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് കേസുകള്‍ കുറയുകയാണെങ്കില്‍ ഒരു കാരണവശാലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഈ ആഴ്ച യോഗം ചേരും. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം യോ​ഗത്തിൽ ചർച്ച ചെയ്യും. അതേസമയം, കൊവിഡ് വൈറസ് വ്യാപനമുളള യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്നും യാത്ര വിലക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന ഇറക്കാനും സാധ്യതയുണ്ട്.

Related News