കനത്ത സാമ്പത്തിക പ്രതിസന്ധി; കുവൈറ്റിലെ നിരവധി ട്രാവല്‍ & ടൂറിസം ഏജന്‍സികള്‍ അടച്ചുപൂട്ടുന്നു

  • 19/11/2020

വിമാന സർവ്വീസുകൾ നിർത്തിവച്ചതോടെ   കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം കുവൈറ്റിലെ നിരവധി ട്രാവല്‍ & ടൂറിസം ഏജന്‍സികള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. കൊവിഡ് പശ്ചാത്തത്തിൽ ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെട 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുളള വിമാന സർവ്വീസുകൾ  നിർത്തിവച്ചിരുന്നു. ഏറ്റവും കൂടുതൽ പ്രവാസികൾ കുവൈറ്റിലേക്ക് വരുന്ന രാജ്യങ്ങളിൽ നിലവിലും പ്രവേശന വിലക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നത്. 

പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താത്ത ഏതെങ്കിലും രാജ്യത്ത് ക്വാറന്റൈൻ കാലയളവ്  14 ദിവസം പൂർത്തിയാക്കിയാണ് കുവൈറ്റിലെത്തുന്നത്. ഇത് ട്രാവല്‍ & ടൂറിസം മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇടനില രാജ്യങ്ങളിലാണ് പ്രവാസികൾ ഹോട്ടൽ താമസവും, പിസിആർ പരിശോധനയും ഉൾപ്പെടെ എടുക്കുന്നത്, ഇത് ഇടനില രാജ്യങ്ങളിൽ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു. 

അതുകൊണ്ട്, യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ തന്നെ നേരിട്ട് ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ട്രാവല്‍ & ടൂറിസം പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനമുണ്ടാകാത്ത പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മറ്റു ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം,  വിമാന ടിക്കറ്റ് വില വർധിച്ചത് കാരണം  പല പ്രവാസികളും കുവൈറ്റിന് പുറത്തുളള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്വാറന്റൈൻ പാക്കേജ് അടക്കമുളള ടിക്കറ്റ് എടുക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.

Related News