കത്തോലിക്കാ പള്ളിയിൽ ചാവേർ ബോംബ് സ്‌ഫോടനം: പത്തിലധികം പേർക്ക് പരിക്ക്

  • 28/03/2021

ജക്കാർത്ത: ഇന്തോനേഷ്യയിലെ മകാസറിലെ കത്തോലിക്കാ പള്ളിയിൽ ചാവേർ ബോംബ് സ്‌ഫോടനം. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. പ്രദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവം. കുർബാന കഴിഞ്ഞയുടനായിരുന്നു സംഭവം.

ആക്രമണത്തിന് തൊട്ടുമുൻപ് രണ്ടുപേർ മോട്ടോർ ബൈക്കിൽ പള്ളി മൈതാനത്തേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവച്ചിരുന്നു. കുർബാന തീർന്നയുടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്ന് വൈദികനായ വിൽഹെമസ് തുലക് ഇന്തോനേഷ്യൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പള്ളിയുടെ മുന്നിൽ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്നതിന്റെയും, ഒരു ബൈക്ക് കത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ആക്രമണത്തിന് പിന്നിലാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

2002 ൽ ടൂറിസ്റ്റ് ദ്വീപായ ബാലിയിലാണ് ഇന്തോനേഷ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഇസ്ലാമിക തീവ്രവാദി ആക്രമണം നടന്നത്. വിദേശ വിനോദ സഞ്ചാരികളുൾപ്പടെ 202 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

Related News