അയൽരാജ്യമായ നേപ്പാളിന് വീണ്ടും ഇന്ത്യയുടെ കരുതൽ: ഒരു ലക്ഷം കൊറോണ വാക്സിനുകൾ സൗജന്യമായി നൽകി

  • 29/03/2021

ന്യൂ ഡെൽഹി: അയൽരാജ്യമായ നേപ്പാളിന് വീണ്ടും കരുതലായി ഒരു ലക്ഷം കൊറോണ വാക്സിനുകൾ സമ്മാനിച്ച്‌ ഇന്ത്യ. നേപ്പാൾ സൈന്യത്തിനാണ് ഇക്കുറി ഇന്ത്യ കൊറോണ വാക്സിനുകൾ അയച്ചു നൽകിയത്. സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കൊവിഷീൽഡ് വാക്സിനാണ് നേപ്പാൾ സൈനികർക്കായി നൽകിയത്. കഴിഞ്ഞ ദിവസം വാക്സിനും വഹിച്ചുകൊണ്ടുള്ള എയർ ഇന്ത്യ വിമാനം കാഠ്മണ്ഡുവിലെത്തി. ഔദ്യോഗികമായി വാക്സിൻ കൈമാറുന്ന ചടങ്ങ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്ന് നേപ്പാൾ ആർമി വക്താവ് സന്തോഷ് ബല്ലവ് പോഡൽ ട്വീറ്റ് ചെയ്തു.

മാർച്ച്‌ മാസം ആദ്യം നേപ്പാളിന് 348,000 ഡോസ് ഇന്ത്യൻ നിർമ്മിത കൊറോണ വാക്സിൻ ലഭിച്ചിരുന്നു. ലോകരാജ്യങ്ങളെ ബന്ധപ്പെടുത്തിയുള്ള കോവാക്സ് സംരംഭത്തിൽ നിന്നുമാണ് ഇത് നേപ്പാളിന് ലഭ്യമായത്. ഈ സംരഭത്തിൽ ഈ വർഷം മേയ് അവസാനത്തോടെ 1.92 ദശലക്ഷം വാക്സിൻ ഡോസുകളാണ് നേപ്പാളിന് ലഭിക്കുക. 

അതേസമയം ഇന്ത്യ നേരിട്ട് നേപ്പാളിന് പത്ത് ലക്ഷത്തോളം വാക്സിൻ ഗ്രാന്റായി നൽകിയിട്ടുണ്ട്. ഇതുകൂടാതെ ഇരുപത് ലക്ഷം വാക്സിൻ ഇന്ത്യയിൽ നിന്നും വാങ്ങുവാനും നേപ്പാൾ തീരുമാനിച്ചിരുന്നു, ഇതിന്റെ പകുതിമാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളു. ഇതുവരെ പതിനാറ് ലക്ഷം നേപ്പാളി പൗരൻമാർ വാക്സിനെടുത്തു എന്നാണ് ലഭിക്കുന്ന വിവരം, ജനസംഖ്യയുടെ എഴുപത് ശതമാനം പേർക്കും ഈ വർഷാവസാനത്തോടെ വാക്സിൻ കുത്തിവയ്ക്കാനാണ് നേപ്പാൾ തീരുമാനിച്ചിരിക്കുന്നത്.

Related News