സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം: കുവൈത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ എംബസി

  • 30/03/2021

കുവൈത്ത് സിറ്റി: ഇന്ത്യ സ്വതന്ത്രമായതിന്‍റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കുവൈത്തില്‍ രണ്ട് വര്‍ഷത്തെ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് അറിയിച്ചു. ആഘോഷ പരിപാടികള്‍ 2023 ഓഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. 

മാര്‍ച്ച് 12ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ 75-ാം വാര്‍ഷികാഘോഷത്തിന് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കുവൈത്തിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 31 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചാകും സംഘടിപ്പിക്കുകയെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് പറഞ്ഞു. 

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അറുപതാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. അറുപതാം വാര്‍ഷികത്തിന്റെ ഔദ്യോഗിക ആഘോഷങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്നും സിബി ജോര്‍ജ് അറിയിച്ചു.

75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രധാനമായും നാല് തരം പരിപാടികള്‍ സംഘടിപ്പിക്കാനാണ് എംബസി പദ്ധതിയിട്ടിരിക്കുന്നത്. 

1. പുതിയ ഇന്ത്യയെ ലോകത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള ഇവന്റുകള്‍

 2. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക വൈവിധ്യം, പൈതൃകം, ഉത്സവങ്ങള്‍ എന്നിവ ആഘോഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഇവന്റുകള്‍ 

3. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെയും ദേശീയ വീരന്മാരുടെ ജീവിതവും സംഭാവനകളും ആഘോഷമാക്കുന്ന ഇവന്റുകള്‍

4. സാമ്പത്തികവും ശാസ്ത്രീയവുമായ സഹകരണം, ടൂറിസം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്‌കാരിക ഇടപെടല്‍, എന്നിവ  വളര്‍ത്തിയെടുക്കുന്നതിനുള്ള ഇവന്റുകള്‍.

Related News