വാക്സിന്‍ നല്‍കുന്നതില്‍ പാതി ദൗത്യം പിന്നിട്ട് കുവൈത്ത്.

  • 31/03/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 പ്രതിരോധ വാക്സിന്‍ നല്‍കാനുള്ള യജ്ഞത്തില്‍ വലിയ മുന്നേറ്റം നടത്തി കുവൈത്ത്. ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 6,20,000 പേര്‍ കുവൈത്തില്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 20 ലക്ഷത്തിന് മുകളില്‍ വന്ന ജനസംഖ്യയില്‍ വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടതില്‍ 22.3 ശതമാനം പൂര്‍ത്തിയായതായാണ് കണക്കുകള്‍ പുറത്ത് വരുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം, സാമൂഹികമായ പ്രതിരോധശേഷി കൈവരിക്കുന്നതിന് ജനസംഖ്യയുടെ 60 മുതല്‍ 70 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കേണ്ടതുണ്ട്. 

വാക്സിന്‍ ബാച്ചുകള്‍ തുടര്‍ച്ചയായി എത്തുന്നത് വാക്സിനേഷന്‍ ത്വരിതഗതിയില്‍ നടത്തുന്നതില്‍ വിജയകാരണമായെന്ന് ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ഓക്സഫഡ് സര്‍വ്വകലാശാലയുടെ ആസ്‍ട്രസെനിക വാക്സിന്‍റെ കൂടുതല്‍ ഡോസുകള്‍ ഇന്നോ നാളെയോ എത്തിമെന്നുള്ളതും ആശ്വാസകരമാണ്. 

അതേസമയം, തുടര്‍ച്ചയായ രണ്ടാം ദിവസവും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1271 പേര്‍ക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ബാധിക്കപ്പെട്ടവരുടെ എണ്ണം 230,821 ആയിട്ടുണ്ട്. ആകെ മരണം 1308 ആണ്. 215,250 പേരാണ് കോവിഡ് രോഗമുക്തി നേടിയവർ, 14,263 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്.

Related News