വിസ കച്ചവടക്കാരെ നേരിടുന്നതില്‍ കുവൈത്തിന് അഭിനന്ദനം ; യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്.

  • 01/04/2021

കുവൈത്ത് സിറ്റി: റെസിഡന്‍സി ട്രേഡിനെ നേരിടുന്നതില്‍ കുവൈത്ത് ഗൗരവമായി കാണുന്നുവെന്ന് 2020ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്  റിപ്പോര്‍ട്ട്. പ്രവാസി തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ നടപടികളും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. 

മനുഷ്യാവകാശം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുവൈത്ത് ഈ വിഷയത്തില്‍ വളരെ മെച്ചപ്പെട്ടുവെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്നു. പൗരസ്വാതന്ത്ര്യം, വിവേചനം, മനുഷ്യക്കടത്ത്, തൊഴിൽ അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമങ്ങൾ, ഇന്റർനെറ്റ്, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിയമം ലംഘനങ്ങളും ക്രമക്കേടുകളും നടത്തുന്ന ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിലും ശിക്ഷിക്കുന്നതിലും ഭരണകൂടം സുപ്രധാന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, അഴിമതി കേസുകളിലെ ശിക്ഷാ ഇളവ് ഒരു പ്രശ്നമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിലെ സാഹചര്യങ്ങള്‍, അഭയാര്‍ത്ഥികളുടെ സംരക്ഷണം, അഴിമതി കേസുകള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ഗൗരവമായി പ്രതിപാദിക്കുന്നുണ്ട്. 

കുട്ടികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു പുതിയ നയം സ്വീകരിച്ചതും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മികച്ച പ്രവത്തനങ്ങളായി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കുവൈത്ത് സ്വദേശികള്‍ അല്ലാത്തവരോടുള്ള സാമൂഹിക വിവേചനം, ഗാര്‍ഹിക തൊഴിലാളികളോട് ചിലര്‍ നടത്തുന്ന മോശം പെരുമാറ്റമെല്ലാം അവസാനിപ്പിക്കേണ്ട കാര്യങ്ങളായി പറയുന്നു.

Related News