ജസ്‌റ്റിസ് എൻ വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ‌ജസ്‌റ്റിസ്; സത്യപ്രതിജ്ഞ ഏപ്രിൽ 24ന്

  • 06/04/2021

ന്യൂ ഡെൽഹി: ഇന്ത്യയുടെ നാൽപത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി എൻ. വി രമണയെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ ഏപ്രിൽ 23ന് സ്ഥാനമൊഴിയും. ഏപ്രിൽ 24ന് എൻ.വി രമണ സ്ഥാനമേൽക്കും. 2022 ഓഗസ്‌റ്റ് 26വരെ ജസ്‌റ്റിസ് രമണയ്‌ക്ക് കാലാവധിയുണ്ട്.

ആന്ധ്രാ പ്രദേശിലെ കൃഷ്‌ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തിൽ 1957 ഓഗസ്‌റ്റ് 27നാണ് ജസ്‌റ്റിസ് എൻ.വി രമണ ജനിച്ചത്. അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്‌തത് 1983 ഫെബ്രുവരി 10നാണ്. ആന്ധ്രാ പ്രദേശ് ഹൈക്കോടതിയിൽ ജഡ്‌ജിയായി 2000 ജൂൺ 27ന് നിയമിതനായി. 2013 മാർച്ച്‌ 10 മുതൽ മേയ് 20 വരെ ആക്‌ടിംഗ് ചീഫ്‌ ജസ്‌റ്റിസായി. 2013 സെപ്‌തംബർ രണ്ടിന് ഡെൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്‌ജിയായി.

നിയമസഭ കൂടുന്നത് നീട്ടിവയ്‌ക്കാനുള‌ള അരുണാചൽ പ്രദേശ് ഗവർണറുടെ ഉത്തരവിനെതിരായ വിധിയും, ജമ്മു കാശ്‌മീരിൽ ഇന്റർനെ‌റ്റ് പുനസ്ഥാപിക്കുന്നതിനുള‌ള വിധിയും ഭർത്താവ് ഓഫീസിൽ ചെയ്യുന്ന ജോലിക്ക് തുല്യമാണ് ഭാര്യ വീട്ടിൽ ചെയ്യുന്ന ജോലി എന്ന സുപ്രീംകോടതി വിധിയും പുറപ്പെടുവിച്ചത് ജസ്‌റ്റിസ് എൻ.വി രമണയാണ്.

Related News