കുവൈത്തിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി.

  • 07/04/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ മാന്‍പവര്‍ അതോറിറ്റിയുടെ ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്‍റെ പരിശോധന. മാസ്ക്ക് ധരിക്കാതെയും ശരിയായ രീതിയില്‍ മാസ്ക്ക് ധരിക്കാതെയും നിരവധി  ആളുകളെ കണ്ടെത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ടിയുള്ള മാര്‍ക്കുകള്‍ സ്ഥാപിക്കാതിരുന്നതിന് ചില സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. നിയമലംഘകരെ കാര്യം ധരിപ്പിക്കുകയും കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 

2020 ജൂണ്‍ 30നും 2021 ഫെബ്രുവരി 26നും ഇടയില്‍ 45,000 പരിശോധനകളാണ് നടത്തിയത്. 12,410 പേര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും 80 നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വനിതാ സംഘം 28,000 റൗണ്ടുകളായി പരിശോധന നടത്തിയതില്‍ 4,400 പേര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 444 നിയമലംഘകര്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. 

സ്ത്രീകളുടെ സലൂണുകള്‍ തയ്യല്‍ കടകള്‍ ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വനിതാ സംഘം പരിശോധന നടത്തുന്നത്. മുന്നറിയിപ്പുകള്‍ ലഭിച്ച ശേഷം ലംഘനമുണ്ടായാല്‍ അവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകും.

Related News