കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കാമോ ? പരാതിയിൽ വിധിപറഞ്ഞ് ഡൽഹി ഹൈക്കോടതി

  • 07/04/2021

ന്യൂഡൽഹി : കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപ്പിച്ച്‌ ഡൽഹി ഹൈക്കോടതി. ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോഴും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്ത് കൊവിഡ് പടരുന്നതിനാൽ സുരക്ഷാ കവചം എന്നനിലയ്ക്ക് മാസ്‌ക് നിർബന്ധമാക്കേണ്ടതുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർ പോലും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യവേ മാസ്‌ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കി എന്ന പരാതി കേൾക്കവേയാണ് കോടതി മാസ്‌ക് ധരിക്കുന്നതിനെ കുറിച്ച്‌ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.

ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോൾ മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് പിഴ ഈടാക്കിയത് തന്നെ മാനസികമായി വിഷമിപ്പിച്ചു എന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. പിഴയായി ഈടാക്കിയ അഞ്ഞൂറു രൂപയ്‌ക്കൊപ്പം പത്തു ലക്ഷം രൂപയും നഷ്ടപരിഹാരമായി പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കുമ്ബോൾ മാസ്‌ക് വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും, അങ്ങനെ ഒരു മാർഗനിർദ്ദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു. അതിനാൽ ഡൽഹിയിൽ അത്തരം മാർഗനിർദ്ദേശങ്ങൾ തീരുമാനിക്കാനുള്ള അധികാരം ദില്ലി സർക്കാരിനാണ്. അതേസമയം സ്വകാര്യ കാറുകൾ ഓടിക്കുമ്ബോൾ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഏപ്രിലിൽ ഉത്തരവ് പുറപ്പെടുവിച്ചതായി ദില്ലി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും കോടതിയിൽ വ്യക്തമാക്കി.

Related News