നിയന്ത്രണങ്ങളില്ല; കുവൈത്തിൽ ഫ്ലാറ്റ് വാടകയിൽ വൻ വർധനവ്.

  • 09/04/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ, രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ അപ്പാർട്ട്മെൻറ് വാടകയിൽ വൻ വർധനവ് ഉണ്ടായതായി റിപ്പോർട്ട്. ചിലയിടങ്ങളിൽ വർധിത തുക  600 മുതൽ 800 ദിനാർ വരെയാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ 950 മുതൽ 1,300  വരെയെന്നും  പ്രാദേശിക മാധ്യമം  റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനപ്പെട്ട  സ്ഥലങ്ങളിൽ മാത്രമല്ല,  അൽ മസായൽ, അൽ- ഫുജൈറ്റിസ്, അബു ഫുത്തറ, മുബാറക് അൽ കബീർ , അൽ-അദാൻ, അൽ-അഖീല,  എന്നിവ കൂടാതെ വിദൂര പ്രദേശങ്ങളിലും അപ്പാർട്ട്മെന്റ് വാടകയിൽ വൻ വർധനവാണ് അനുഭവപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുനസിപ്പാലിറ്റി മന്ത്രിയും ഭവനവകുപ്പ് സഹമന്ത്രിയുമായ ഷായ അൽ ഷായ സ്വകാര്യ പാർപ്പിട മേഖലകളെ നിക്ഷേപമാക്കി മാറ്റുന്നത് തടയുമെന്ന് പറയുമ്പോഴും, റിയൽ എസ്റ്റേറ്റ് ഉടമകൾ റെസിഡൻഷ്യൽ ഏരിയകളിൽ കയ്യേറി നിയമം ലംഘിച്ച് വലിയ അപ്പാർട്ട്മെന്റുകൾ  നിർമ്മിക്കുന്നത് തടയുന്നുല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മുനിസിപ്പാലിറ്റി അതിന്റെ ചട്ടങ്ങൾ പാലിക്കാതെയുള്ള കെട്ടിട നിർമാണത്തിന്  കണ്ണടച്ച്  അനുമതി നൽകുന്നു, ഇത് സ്വകാര്യ ഭവനങ്ങളിലെ വാടകക്കാരുടെ എണ്ണത്തിൽ വർധനവിന് കാരണമാകുന്നുവെന്നും  റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

കൊവിഡ് പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം കൊണ്ടുവന്ന  ചില ചെറു ഭേദഗതികൾ ഒഴികെ,  1978 മുതലുള്ള വാടക നിയമത്തിൽ ഭേദഗതി ഒന്നും വരുത്തിയിട്ടില്ല. ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ഇടനിലക്കാർ അമിത സർവീസ് ചാർജ് ഈടാക്കുന്നതായും ആരോപണം ഉയരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News