രാജ്യത്ത് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ; അഞ്ച് വാക്സിനുകൾക്ക് കൂടി അനുമതി നൽകിയേക്കും

  • 11/04/2021


ന്യൂ ഡെൽഹി: ഒക്ടോബറോടെ അഞ്ച് കൊറോണ വാക്സിനുകൾക്കുകൂടി ഇന്ത്യ അനുമതി നൽകിയേക്കും. റഷ്യയുടെ സ്പുട്നിക് വി വാക്സിന് പത്തു ദിവസത്തിനകം അനുമതി നൽകാനും സാദ്ധ്യതയുണ്ട്. വാക്സിൻ ക്ഷാമത്തെ കുറിച്ച്‌ ചില സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് വാക്സിൻ നിർമാണം വർദ്ധിപ്പിക്കാനുളള കേന്ദ്രത്തിന്റെ നീക്കമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിലവിൽ കോവിഷീൽഡും കോവാക്സിനും നിർമ്മിക്കുന്ന ഇന്ത്യയ്ക്ക് ഈ വർഷം മൂന്നാം പാദം അവസാനത്തോടെ അഞ്ച് അധിക നിർമ്മാതാക്കളിൽ നിന്ന് വാക്സിനുകൾ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ ഏകദേശം ഇരുപതോളം വാക്സിനുകൾ വിവിധ ക്ലിനിക്കൽ, പ്രീക്ലിനിക്കൽ ഘട്ടങ്ങളിലാണ്. ജോൺസൺ ആൻഡ് ജോൺസൺ പോലുളള ചില കമ്പനികൾ തങ്ങളുടെ വാക്സിനുകളുടെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതായി കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു.

കൊറോണ പ്രതിരോധത്തിനായി നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. സ്പുഡ്നിക് വി, ജോൺസൺ ആൻഡ് ജോൺസൺ, നോവവെക്സ്, സിഡസ് കാൻസിലാസ് വാക്സിൻ, ഭരത് ബയോടെക്കിന്റെ ഇൻട്രനേസൽ എന്നീവാക്സിനുകൾക്കാണ് ഇന്ത്യ ഇനി അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഏതെങ്കിലും വാക്സിനുകൾക്ക് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകുമ്പോൾ സുരക്ഷയ്ക്കും ഫലപ്രാപ്തിക്കും ആയിരിക്കും കേന്ദ്ര സർക്കാർ പ്രാഥമിക പരിഗണന നൽകുക.സ്പുഡ്നിക് വാക്സിൻ ജൂണോടെ ലഭ്യമാകും എന്നാണ് കരുതുന്നത്.

എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ ജോൺസൺ ആൻഡ് ജോൺസൺ, കാഡില സിഡസ് എന്നീവക്സിനുകൾ ആഗസ്‌റ്റോടെ ലഭ്യമാകും. നോവവെക്സ് സെപ്റ്റംബറിലും ഭാരത് ബയോടെക്കിന്റെ നേസൽ വാക്സിൽ ഒക്ടോബറിലുമാകും ലഭ്യമാകുക. അതേസമയം കഴിഞ്ഞ 85 ദിവസത്തിനുളളിൽ 10 കോടി ടോസ് വാക്സിനുകളാണ് രാജ്യത്ത് നൽകിയിട്ടുളളത്. 100 ദശലക്ഷം വാക്സിനേഷൻ മാർക്ക് നേടിയ ലോകത്തെ ഏറ്റവും വേഗതയേറിയ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Related News