കുവൈത്തിൽ നഴ്സറികൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു: ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം.

  • 12/04/2021


കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള സ്വകാര്യ നഴ്സറികളോട് കുട്ടികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിനുള്ളിൽ പൂർത്തിയാക്കണമെന്ന്  സോഷ്യൽ അഫയേഴ്സ് വകുപ്പിന് കീഴിലെ സോഷ്യൽ ഡവലപ്മെന്റ് സെക്ടർ അറിയിച്ചു.

സ്വകാര്യ നഴ്സറികളിലെ ജീവനക്കാർക്കും ജോലിക്കാർക്കും വാക്സിനേഷൻ നൽകുന്നതിൽ മുൻഗണന നൽകണമെന്ന്  ജലം, വൈദ്യുതി, റിന്യൂവബിൾ എനർജി വകുപ്പ് മന്ത്രിയും സോഷ്യൽ അഫയേഴ്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രിയുമായ ഡോ. മിഷാൻ അൽ ഒതൈബി  ആരോഗ്യ മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. സെപ്തംബറിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ നഴ്സറികളിലെയും  പ്രത്യേകിച്ച് ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള  നഴ്സറികളിലെ ഉടമകളെയും ജീവനക്കാരെയും തൊഴിലാളികളെയും വാക്സിനേഷൻ  പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. 

കുട്ടികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് നഴ്സറികളിലും മറ്റും കുട്ടികളെ സ്വീകരിക്കുന്നതിൽ വിവിധ നിയന്ത്രണങ്ങളും വ്യവസ്ഥകളും സാമൂഹിക കാര്യ മന്ത്രാലയം മുന്നോട്ട് വച്ചതായി അധികൃതർ വ്യക്തമാക്കി.  എല്ലാ കെട്ടിടങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുയും വേണം. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം നിശ്ചയിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്.

Related News