കുവൈത്തിൽ മാനസിക പ്രശ്നങ്ങളുള്ള പ്രവാസി ജോലിക്കാരെ പിരിച്ചുവിടാൻ നീക്കം.

  • 12/04/2021

കുവൈത്ത് സിറ്റി:  നാഡി വ്യവസ്ഥയുമായും മാനസികാരോഗ്യവുമായും ബന്ധപ്പെട്ട ഗുരുതരരോഗങ്ങൾ മൂലം കുവൈത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന  പ്രവാസിതൊഴിലാളികളുടെയും രോഗബാധിതരായ കുടുംബാംഗങ്ങൾ ഉള്ള തൊഴിലാളികളുടെയും കൃത്യമായ കണക്കുകൾ ലഭ്യമാക്കണമെന്ന് മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും എംപി ബദർ അൽ ഹുമൈദി നിർദേശം നൽകി. ഈ പ്രവാസികളുടെ റസിഡൻസി പുതുക്കാതിരിക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും അതേസമയം മാനുഷിക വശങ്ങൾ കൂടി കണക്കിലെടുത്ത് ഇത്തരം രോഗികൾക്ക് അവരുടെ സ്വന്തം രാജ്യത്ത് ചികിത്സ പൂർത്തിയാക്കാനുള്ള സഹായം നൽകണമെന്നും ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ നിർദേശത്തിൽ പറയുന്നു. 

1953 മുതലുള്ള ഔദ്യോഗിക  കണക്കുകൾ പ്രകാരം മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ പ്രവാസികളുടെ എണ്ണം 37000  ആയി ഉയർന്നതായി അൽ ഹുമൈദി  വ്യക്തമാക്കി. സാമൂഹികവും സുരക്ഷാ സംബന്ധവുമായ പ്രത്യാഘാതങ്ങൾക്ക് പുറമെ  വലിയ ചിലവ് വരുത്തുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

അവരവരുടെ സ്വന്തം രാജ്യത്ത് ചികിത്സ തേടുന്നതിന്   പ്രവാസികൾക്ക് വേണ്ട സഹായവും ചികിത്സയ്ക്കുള്ള ധനസഹായവും നൽകുമെന്നതിനാൽ അവരുടെ സേവനം അവസാനിപ്പിക്കുന്നത് കുവൈത്തിന്റെ മാനുഷിക നയത്തിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News