കൊവിഡ്: കുവൈത്തില്‍ റമദാനുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകള്‍ക്ക് മന്ത്രിസഭ നിയന്ത്രണം ഏര്‍പ്പെടുത്തി.

  • 13/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് ബാധിക്കുന്ന തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റമദാനുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകള്‍ക്ക് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം  ചേര്‍ന്ന കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. 

പള്ളികളിലെ വൈകുന്നേരത്തെ നമസ്കാരം 15 മിനിറ്റാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. നമസ്കാരത്തിന് ശേഷം പള്ളികളില്‍ ഒരുതരത്തിലുള്ള മറ്റ് പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതിയില്ല. വീട്ടില്‍ തന്നെ നമസ്കാരം നടത്തണമെന്നാണ് വിശ്വാസികളോട് മന്ത്രിസഭയുടെ അഭ്യര്‍ത്ഥന. 

പൊതുവായോ സ്വകാര്യമായോ  അല്ലെങ്കില്‍ പള്ളികളിലോ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുവാന്‍ പാടുള്ളതല്ല. ആവശ്യക്കാരായവര്‍ക്ക് പാക്കറ്റിലാക്കിയ ഭക്ഷണം നല്‍കാവുന്നതാണ്. രാജ്യത്തെ കൊവിഡ് ബാധിക്കുന്ന തോത് ഇപ്പോഴും ഉയര്‍ന്നു തന്നെയാണെന്ന് മന്ത്രി വ്യക്തമാക്കി. 

എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തി കൂട്ടം കൂടുന്നത് ഒഴിവാക്കി, സാമൂഹ്യ അകലം പാലിച്ച് പൊതുസമൂഹം മുന്‍കരുതല്‍ പാലിക്കേണ്ടതാണ്. പാകിസ്ഥാനില്‍ നിന്നുള്ള നാലാം ബാച്ച് ഡോക്ടര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ എത്തിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തില്‍ അപേക്ഷയും മന്ത്രിസഭ അംഗീകരിച്ചു.

Related News