ഐ.എസ്.ആർ.ഒ ചാരക്കേസ്: ഗൂഢാലോചനയിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

  • 15/04/2021



ന്യൂ ഡെൽഹി : ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതി. കേസിൽ പ്രതിയാക്കിയ നമ്പി നാരായണനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതിലാണ് സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. റിട്ട.ജസ്റ്റീസ് ഡി.കെ ജയിൻ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ പരിഗണിച്ചാണ് സുപ്രീം കോടതി വിധി. ജസ്റ്റീസ് ഖാൻവിൽക്കറുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.

നമ്പി നാരായണനെ കുടുക്കാൻ കേരള പോലീസിന്റെ ഭാഗത്തുനിന്ന് നീക്കം നടന്നിരുന്നോ എന്ന് പരിശോധിക്കണം. അന്ന് കേസ് അന്വേഷിച്ച സിബി മാത്യൂസ് അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രധാനമായും അന്വേഷണം. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. തന്റെ കരിയർ നശിപ്പിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുഢാലോചന നടന്നുവെന്നും ശാസ്ത്രരംഗത്തെ നേട്ടം തകർക്കാൻ അന്താരാഷ്ട്ര തലത്തിലും ഗൂഢാലോചന നടന്നിരുന്നുവെന്നും നമ്പി നാരായണൻ ആരോപിച്ചിരുന്നു.

അതേസമയം, ജയിൻ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സിബി മാത്യൂസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. റിപ്പോർട്ട് സി.ബി.ഐയ്ക്ക് മാത്രമാണ് കൈമാറുക. അന്വേഷണത്തിന്റെ ആവശ്യത്തിനു മാത്രമേ റിപ്പോർട്ട് ഉപയോഗിക്കാവൂ. മാധ്യമങ്ങൾക്ക് അടക്കം നൽകരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ ഒരു പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണ്ടുവേണം അന്വേഷണം നടത്താനെന്നും കോടതി വ്യക്തമാക്കി.

1995-96 കാലഘട്ടത്തിൽ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയ കോടതി, നമ്പി നാരായണന് നഷ്ടപരിഹാരവും നൽകാൻ ഉത്തരവിൽ പറഞ്ഞിരുന്നു.

റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച നമ്പി നാരായണൻ ഡെൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related News