കേന്ദ്രസർക്കാരിന്‍റെ ആസൂത്രണമില്ലായ്മയാണ് രാജ്യത്ത് കടുത്ത വാക്സീൻ ക്ഷാമം നേരിടുന്നതിന് പ്രധാനകാരണം

  • 17/04/2021

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്‍റെ ആസൂത്രണമില്ലായ്മയാണ് രാജ്യത്ത് കടുത്ത വാക്സീൻ ക്ഷാമം നേരിടുന്നതിന് പ്രധാനകാരണം എന്ന് ഡെൽഹി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. വാക്സീൻ ഉത്പാദനത്തിനുള്ള കരാർ നൽകുന്നതിന് കാലതാമസം വന്നു. വാക്സീൻ ഉണ്ടാക്കുന്ന കമ്പനികളുമായി ദീർഘകാല കരാറില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കി. 

വാക്സീൻ നിർമാണത്തിന് ആവശ്യമായ നിക്ഷേപം നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. ഉണ്ടാക്കിയ വാക്സീനുകൾ ആദ്യഘട്ടത്തിൽ സംഭരിച്ച് വയ്ക്കാനുമായില്ല. വാക്സീൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്. 

അതേസമയം, വിദേശത്തേക്ക് ഇന്ത്യ ഇതുവരെ കയറ്റി അയച്ചത് 6.5 കോടി വാക്സീനാണെന്ന് കണക്കുകൾ പുറത്തുവന്നു. രണ്ട് വാക്സീനുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്ത ഏകവികസ്വര രാജ്യം ഇന്ത്യയാണ്. എന്നിട്ടും വാക്സീൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് 12 കോടി വാക്സീൻ വാങ്ങി പ്രശ്നപരിഹാരമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. 

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ 12 കോടി ഡോസ് വാക്സീനാണ് കൈമാറിയത്. കൊവാക്സിന്‍റെ ഉത്പാദനം പക്ഷേ കുറവാണ്. പ്രതിമാസം ഒരു കോടി വാക്സീൻ മാത്രമേ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുള്ളൂ. 

കൊവാക്സീൻ ഉത്പാദനത്തിന് അസംസ്കൃതവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന അമേരിക്ക ഇപ്പോൾ അവ പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തിയിരിക്കുകയാണെന്നും, ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ ക്വോട്ട് ചെയ്തായിരുന്നു അദാർ പൂനാവാലയുടെ ട്വീറ്റ്.

Related News