ഓക്‌സിജൻ സിലിണ്ടറുകളുടെ വില 250 ൽ നിന്നും 900 ആയി ; 50000 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ കേന്ദ്രം

  • 17/04/2021

ന്യൂ ഡെൽഹി: കൊറോണ നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നു. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വർധിച്ചു. മെഡിക്കൽ ഓക്‌സിജൻ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ തോതിൽ വർധിച്ചു. ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണിൽ നിന്നും 2700 ടൺ ആയാണ് വർധിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡെൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

അതെ സമയം മുംബൈയിൽ ജംബോ ഓക്‌സിജൻ സിലിണ്ടറുകളുടെ വില 250 രൂപയിൽ നിന്നും 900 ആയി ഉയർന്നു. മറ്റു സംസ്ഥാനങ്ങളിലും വില കൂടിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.

മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച്‌ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ക്രായോജെനിക് ടാങ്കറുകൾ ട്രെയിനുകളിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. അതെ സമയം റെംഡെസിവിർ, കൊറോണ വാക്‌സിൻ എന്നിവയ്ക്കും കടുത്ത ദൗർലഭ്യം നേരിടുന്നുണ്ട്.

Related News