പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ തിരക്ക്; എട്ടര ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം

  • 18/04/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ സ്‌കൂൾ‌ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുടെയും നീണ്ട നിരകള്‍ രൂപപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ രാത്രിയില്‍  മിഷ്രിഫ് ഫെയർ ഗ്രൗണ്ടിലെ പ്രധാന കേന്ദ്രത്തിന് മുന്നിലാണ് തിരക്ക് അനുഭവപ്പെട്ടത്. നേരത്തെ സ്കൂളുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി അദ്ധ്യാപകരെയും സ്കൂള്‍ ജീവനക്കാരെയും വാക്സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആരോഗ്യ മന്ത്രാലയം അനുമതി നല്കിയതിന്‍റെ അടിസ്ഥാനത്തില്‍  അഞ്ച്, ആറ്, പന്ത്രണ്ട് ഗ്രേഡുകളിലുള്ള വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് ഹാൾ നമ്പർ 6 ലേക്ക് എത്തിച്ചേര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈത്തില്‍ രാത്രികാല കർഫ്യൂ നിലവിലുണ്ടെങ്കിലും കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പോകുന്നവർക്ക് ഇളവുണ്ട്. കർഫ്യൂ പരിശോധനയ്ക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുത്തിവെപ്പിനുള്ള അപ്പോയ്ന്‍മെന്‍റ് രേഖ കാണിച്ചാൽ മതിയാകും. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിൻ നൽകാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതുവരെയായി എട്ടര ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയതായും 14 ലക്ഷം പേര്‍ വാക്സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതായും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും വേഗത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി റജിസ്ട്രേഷൻ  നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. 

Related News