ലോൺ തിരിച്ചടവ് ആറ് മാസത്തേക്ക് ഒഴിവാക്കിയതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്

  • 19/04/2021


കുവൈത്ത് സിറ്റി : സ്വദേശി ഉപഭോക്താക്കൾക്ക് വായ്പാതിരിച്ചടവിനു ആറുമാസത്തെ സാവകാശം നൽകുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചതായി പ്രാദേശിക ദിനപത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബാങ്കുകൾക്കും നിക്ഷേപ കമ്പനികൾക്കും ധനകാര്യ കമ്പനികൾക്കും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്തിൽ സ്വദേശികള്‍ക്കും  വിദേശികൾക്കും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം നല്കിയിരുന്നു . കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതും കര്‍ഫ്യൂ പോലുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതും രാജ്യത്തെ സാമ്പത്തിക രംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് സ്വദേശികള്‍ക്ക് ആശ്വാസമാകും. 

കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പ്രവാസികളിൽ നിരവധി പേർക്കാണ് വരുമാനം നിലച്ചത്. നേരത്തെ   മൊറട്ടോറിയം പ്രഖ്യാപിച്ചത് വിദേശികള്‍ക്കും വലിയ ആശ്വാസമായിരിരുന്നു. അതിനിടെ യാത്രാ വിലക്ക് കാരണം തിരികെയെത്താവാത്തതിനാല്‍ വായ്‍പാ തിരിച്ചടവ് മുടങ്ങിയ പ്രവാസികള്‍ക്കെതിരെ കുവൈത്തിലെ ബാങ്കുകള്‍ നടപടിക്കൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. വിമാന സര്‍വീസുകള്‍ ആരംഭിക്കാത്തതിനാല്‍ സ്വന്തം നാടുകളില്‍ കുടുങ്ങിയ നിരവധിപ്പേരുടെ വിസാ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ ഇവരുടെ പേരിലുള്ള വായ്‍പകള്‍ എഴുതിത്തള്ളുകയോ കിട്ടാക്കടമായി കടക്കാക്കുകയോ ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  

Related News