റമദാനിലെ അവസാനത്തെ പത്തില്‍ മുഴുസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് കൊറോണ കമ്മിറ്റി

  • 19/04/2021

കുവൈത്ത് സിറ്റി : റമദാനിലെ അവസാനത്തെ പത്ത്  ദിവസങ്ങളിലും ഈദ് അൽ ഫിത്തർ അവധിക്കാലത്തും  മുഴുസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധമായ യാതൊരു ശുപാർശയും ഗവര്‍മെന്‍റിന് നല്‍കിയിട്ടിലെന്ന് കൊറോണ കമ്മിറ്റിയും വ്യക്തമാക്കി. 

കൊവിഡ് വ്യാപനത്തിനിടയില്‍ രണ്ടാമത്തെ പ്രാവശ്യമാണ് വിശുദ്ധ റമദാന്‍ ആഘോഷിക്കുന്നത്. അടുത്ത വ്യാഴാഴ്ചയോടെ  അവസാനിക്കുന്ന രാത്രികാല കര്‍ഫ്യൂ റമദാന്‍ കഴിയുന്നത് വരെ നീട്ടുമെന്നാണ് ഇപ്പോയത്തെ  സൂചനകള്‍. നിരോധനം നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. വിശുദ്ധ റമദാന്‍ മാസം മുഴുവന്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 5 മണി വരെ ആയിരിക്കും വിലക്ക് നീട്ടുക. 

അതിനിടെ കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് തുടരുമെന്ന വാര്‍ത്ത ആയിരക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷയെയാണ് തകര്‍ത്തിരിക്കുന്നത്.  രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.ദിനംപ്രതിയുള്ള കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്നതിനാല്‍ ഫെബ്രുവരി മുതലാണ് കുവൈറ്റില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, രോഗവ്യാപനത്തില്‍ കുറവില്ലാതിരുന്നതിനാല്‍ വിലക്ക് നീട്ടാന്‍ അധികൃതരെ പ്രേരിപ്പിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോതും കൊവിഡ് ബാധിതരുടെ എണ്ണവും ഐസിയു കേസുകളുടെ സ്ഥിതിയുമെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഈ വിഷയത്തില്‍ തീരുമാനമെടുക്കുകയെന്നാണ് കരുതുന്നത്.   

Related News