18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സീൻ; മെയ് ഒന്ന് മുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സീൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

  • 19/04/2021

ന്യൂ ഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും മെയ് 1 മുതൽ വാക്‌സിൻ ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പരമാവധി ഇന്ത്യക്കാർക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്‌സിൻ ലഭിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്താൻ ഒരു വർഷത്തിലേറെയായി സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക റെക്കോർഡ് വേഗതയിൽ ഇന്ത്യ ആളുകൾക്ക് വാക്‌സിനേഷൻ നൽകുന്നുണ്ടെന്നും ഇതിലും വലിയ വേഗതയോടെ രാജ്യം ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 16 ന് രാജ്യവ്യാപകമായുള്ള വാക്‌സിനേഷൻ യജ്ഞത്തിന് ഇന്ത്യ തുടക്കം കുറിച്ചു. ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുൻനിരപോരാളികൾക്കും ഇന്ത്യ ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകി. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും അതിന് ശേഷം 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും രാജ്യത്ത് വാക്‌സിൻ കുത്തിവെയ്പ്പ് നടത്തി.

കൊറോണ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി രാജ്യത്തെ പ്രമുഖ ഡോക്ടർമാരുമായി പ്രധാനമന്ത്രി ഇന്ന് സംവദിച്ചിരുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ സഹായിച്ച എല്ലാ ആരോഗ്യ വിദഗ്ധർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

Related News