50 പുകവലി വിമുക്ത കേന്ദ്രം ആരംഭിക്കാനൊരുങ്ങി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.

  • 20/04/2021

കുവൈത്ത് സിറ്റി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 പുകവലി വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടാകും കേന്ദ്രങ്ങള്‍ തുറക്കുക. 

ഓരോ വര്‍ഷം 10 കേന്ദ്രങ്ങൾ  എന്ന നിലയില്‍ ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 പുകവലി വിമുക്ത കേന്ദ്രങ്ങളുടെ സേവനം ജനങ്ങളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 419 ദശലക്ഷം ദിനാറാണ് പദ്ധതിക്കായി ചെലവഴിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. 

സെലക്ടീവ് ടാക്സ് ഏര്‍പ്പെടുത്തി പുകയില ഉത്പന്നങ്ങളുടെ വില കൂട്ടാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. രാജ്യത്ത് പുകവലി മൂലമുണ്ടാകുന്ന രോഗങ്ങള്‍ കൂടി വരികയാണെന്ന് പുകവലിക്കെതിരെ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ വൈസ് പ്രസിഡന്‍റ്  ഡോ. അഹമ്മദ് അല്‍ ഷാറ്റി പറഞ്ഞു. അത്തരം ഉത്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നത് പല രാജ്യങ്ങളും വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കുവൈത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ 20.5 ശതമാനം പേര്‍ പുകവലി ശീലമുള്ളവരാണ്. അതില്‍ 39.2 ശതമാനം പുരുഷന്മാരാണെങ്കില്‍ 3.3 ശതമാനം സ്ത്രീകളാണ്. 13നും 15നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരില്‍ 15.4 ശതമാനം പേര്‍ പുകവലിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.

Related News