ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ ആരംഭിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍

  • 20/04/2021

കുവൈത്ത് സിറ്റി: ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍പോര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കിയ ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട് പല ഗള്‍ഫ് എയര്‍ലൈനുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില എയര്‍ലൈനുകളും  ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട് ഉപയോഗിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. 

ആദ്യം ചില വിമാനങ്ങളില്‍ പരീക്ഷിച്ച ശേഷം വ്യാപിപ്പിക്കാനാണ് തീരുമാനം. സൗദി എയര്‍ലൈന്‍സ് ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും നിര്‍ബന്ധം ആക്കിയിട്ടില്ല. തിങ്കളാഴ്ച ക്വാലാലംപുര്‍ - ജിദ്ദ വിമാനത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തും. 

എമിറേറ്റ്സ് എയര്‍ലൈന്‍സും ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട് ഉപയോഗിക്കാനുള്ള താത്പര്യം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധന ഫലം, വാക്സിന്‍ സ്വീകരിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട്. പുറപ്പെടുമ്പോഴും എത്തുമ്പോഴും അതാത് രാജ്യത്തെ സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കും. 

കുവൈത്ത് എയര്‍വേയ്സിന്‍റെ കുവൈത്ത് - ലണ്ടന്‍ - കുവൈത്ത് എയര്‍ റൂട്ടില്‍ ഡിജിറ്റല്‍ കൊറോണ പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്താന്‍ മന്ത്രിസഭയുടെ കൊവിഡ് 19 എമര്‍ജെന്‍സി കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള സൂചന അനുസരിച്ച് ഈ റൂട്ടില്‍ ഉടന്‍ തീരുമാനം നടപ്പില്‍ വരുമെന്നാണ് അറിയുന്നത്.

Related News