സാമ്പത്തിക പ്രതിസന്ധി: ലെബനനിൽ റമദാൻ മാസത്തിലും കുടുംബങ്ങളിൽ ദാരിദ്ര്യം; ഒരു മാസത്തെ ഇഫ്താർ ഭക്ഷണ ചെലവ് താങ്ങാനാവുന്നില്ല

  • 20/04/2021

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനനിൽ റമദാൻ മാസത്തിലും കുടുംബങ്ങളിൽ ദാരിദ്ര്യം. ലെബനനിലെ മിക്ക കുടുംബങ്ങൾക്കും ഒരു മാസത്തെ ഇഫ്താർ ഭക്ഷണ ചെലവ് താങ്ങാനാവുന്നതല്ലെന്നാണ് ഒടുവിൽ വന്നിരിക്കുന്ന റിപ്പോർട്ട്.

ലെബനൻ ക്രൈസിസ് ഒബ്‌സർവേറ്ററി നടത്തിയ പഠന പ്രകാരം അഞ്ചു പേരടങ്ങുന്ന ഒരു ലെബനൻ കുടുംബത്തിന് ഒരു മാസത്തെ ഇഫ്താർ ചെലവായി വരുന്ന തുക ഇവരുടെ മിനിമം വേതനത്തേക്കാൾ രണ്ടര ഇരട്ടിയിലധികമാണ്. ലെബനീസ് പൗണ്ടിന്റെ മൂലം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇതുമൂലം ഒരു മാസത്തെ ഇഫ്താർ ചെലവായി ഒരു കുടുംബത്തിന് വരുന്ന തുക 1.8 മില്യൺ ലെബനൻ പൗണ്ട് ആണ്. 2018 ൽ ഇത് 443,931 ലെബനൻ പൗണ്ട് ആയിരുന്നു. ഒരു വർഷത്തിലേറെയായി രൂക്ഷമായ ഈ മൂല്യ ഇടിവ് ലെബനൻ ജനതയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ വിലക്കയറ്റം രൂക്ഷമാണ്. തൊഴിലില്ലായ്മ അതിലേറെ രൂക്ഷമാണ്. 2019 ലെ പ്രക്ഷോഭം മുതൽ തുടങ്ങിയ ഭരണ പ്രതിസന്ധി ഇതുവരെയും പരിഹരിച്ചിട്ടില്ല. ഇത് സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുന്നു.

രാജ്യത്ത് പലയിടത്തായി 12 മണിക്കൂറോളം പവർ കട്ടായിരുന്നു കഴിഞ്ഞ മാസങ്ങളിൽ. ബാങ്കുകളിൽ പണമില്ലാത്തതിനാൽ ജനങ്ങൾക്ക് നിക്ഷേപിച്ച പണം പിൻവലിക്കാനും പറ്റുന്നില്ല. പ്രതിസന്ധികൾക്കിടയിൽ രാജിവെക്കുമെന്ന് താൽക്കാലിക പ്രധാനമന്ത്രി ഹസ്സൻ ദയിബ് മാർച്ച് മാസത്തിൽ മുന്നറിയിപ്പും നൽകിയിരുന്നു. ഒരു താൽക്കാലിക സർക്കാരിന് പരിഹരിക്കാൻ പറ്റി പ്രശ്‌നങ്ങളല്ല രാജ്യം നേരിടുന്നതെന്നും എത്രയും പെട്ടന്ന് പുതിയ സർക്കാർ രൂപീകരിക്കണമെന്നും ഹസ്സൻ ദയിബ് ആവശ്യപ്പെട്ടു. രൂക്ഷമായ തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും പ്രതിഷേധിച്ച് 2019 ൽ നടന്ന പ്രക്ഷോഭത്തിനൊടുവിലാണ് അന്നത്തെ പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ സർക്കാർ രാജിവെച്ചത്.

പിന്നീട് രാഷ്ട്രീയ കക്ഷികളില്ലാത്ത ടെക്‌നോക്രാറ്റ് സർക്കാരിനെ ലെബനനിൽ രൂപീകരിച്ചു. ഇപ്പോഴത്തെ താൽക്കാലിക പ്രധാനമന്ത്രി ഹസ്സൻ ദയിബ് ആയിരുന്നു ഈ സർക്കാരിന്റെ പ്രധാനമന്ത്രി. എന്നാൽ 2020 ൽ നടന്ന ബെയ്‌റൂട്ട് സ്‌ഫോടനത്തിനു പിന്നാലെ ഈ സർക്കാരിനു രാജിവെക്കേണ്ടി വന്നു. എന്നാൽ പുതിയ സർക്കാർ രൂപീകരിക്കാനാവാത്ത സാഹചര്യത്തിൽ ഈ സർക്കാരിനെ താൽക്കാലിക ഭരണച്ചുമതലയിൽ തന്നെ നിർത്തുകയായിരുന്നു.

പുതിയ സർക്കാരിനെ രൂപീകരിക്കുന്നതിന് മുമ്പിലുള്ള പ്രതിസന്ധി നിരവധിയാണ്. രാജ്യത്തെ ഭീമാകരമായ കടബാധ്യതതയിലും തൊഴിലില്ലായ്മയിലും ശ്വാശ്വതമായ പരിഹാരം സർക്കാരിന് മുന്നോട്ട് വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം പ്രക്ഷോഭകർ വീണ്ടും അലയടിക്കും. രാഷ്ട്രീയ അധികാര വിഭജനമാണ് മറ്റൊരു പ്രശ്‌നം. ലെബനൻ ഭരണഘടന പ്രകാരം രാജ്യത്തെ പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലിം ആയിരിക്കണം. പ്രസിഡന്റ് ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയും. പാർലമെന്റ് സ്പീക്കർ ഷിയ വിഭാഗക്കാരനുമായിരിക്കണം. 1975 മുതൽ 1990 വരെ നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്നും ഇതുവരെയും രാജ്യം കരകയറിയിട്ടില്ല. അന്നത്തെ കടബാധ്യതകളും സർക്കാരുകളുടെ അഴിമതിയും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കി.

Related News