ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം

  • 23/04/2021

ഒട്ടാവ: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി. കൊറോണ രോഗവ്യാപനം രൂക്ഷമായതോടെയാണ് 30 ദിവസത്തേയ്ക്ക് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാനിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. എന്നാൽ ചരക്ക് വിമാനങ്ങൾക്ക് വിലക്കില്ല. മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വിതരണം സുഗമമായി തന്നെ നടക്കുമെന്നും അദദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നതോടെയാണ് വിലക്ക് ഏർപ്പെടുത്താൻ കാനഡ തീരുമാനിച്ചത്. നിയന്ത്രണം താൽക്കാലികമാണെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ വിലക്ക് നീക്കുമെന്നും കാനഡ ഗതാഗത മന്ത്രി അറിയിച്ചു.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഡെൽഹിയിൽ നിന്നും കാനഡയിലേക്ക് എത്തിയ 18 വിമാനങ്ങളിൽ ഓരോന്നിലും ഒരു കൊറോണ രോഗിയുണ്ടായിരുന്നുവെന്നാണ് കാനഡയിലെ ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടനിലേക്കുള്ള വിമാനങ്ങൾ കാനഡ വിലക്കിയിരുന്നു. അവശ്യസാധനങ്ങളുമായി എത്തുന്നതല്ലാത്ത വിമാനങ്ങൾ വിലക്കണമെന്ന് കാനേഡിയൻ പാർലമെൻറിലും ആവശ്യമുയർന്നിരുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ജനിതമാറ്റം സംഭവിച്ച വൈറസിൻറെ സാന്നിധ്യം കാനഡയിലും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കാനഡ കടുത്ത നപടികളിലേക്ക് കടക്കുന്നത്.

Related News