കൊറോണ പ്രതിസന്ധി: ജനങ്ങൾ ഓക്സിജനായി പരക്കം പായുന്നു; ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

  • 23/04/2021

ന്യൂ ഡെൽഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമം പെരുകുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു സുപ്രീം കോടതി. കൊറോണ പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വയമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിച്ചപ്പോഴാണ് രാജ്യത്തെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് കോടതി വിലയിരുത്തിയത്.

ജനങ്ങൾ ഓക്സിജനായി പരക്കം പായുകയാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് തമിഴ്നാട്ടിലെ വേദാന്ത പ്ലാന്റിൽ തമിഴ്നാട് സർക്കാരിനായി ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമോയെന്നും ചോദിച്ചു.

തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്റ് പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പട്ടെ് വേദാന്തയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവേ തമിഴ്നാട് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വേദാന്ത പ്രവർത്തനം ആരംഭിച്ചാൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് സുപ്രീം കോടതി നിങ്ങൾക്കവിടെ ഓക്സിജൻ നിർമ്മിച്ചുകൂടെയെന്ന് സർക്കാരിനോട് ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നൽകാൻ തമിഴ്നാട് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങൾ ഓക്സിജനായി പരക്കം പായുകയാണ്. അപ്പോഴാണ് ഓക്സിജൻ നിർമ്മിക്കുന്ന ഒരു പ്ലാന്റ് അടച്ചിട്ടിരിക്കുന്നത്. ആര് ഓക്സിജൻ ഉത്പാദിപ്പിക്കും എന്നുള്ളതല്ല പ്രശ്നം. അത് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കോടതി സ്വയമേധയാ എടുത്ത കേസിൽ നിന്ന് അമിക്കസ് ക്യൂറിയായി നിയമിച്ച ഹരീഷ് സാൽവേ പിൻമാറുന്നുവെന്ന് കോടതിയെ അറിയിച്ചു. താനും ചീഫ് ജസ്റ്റിസും തമ്മിലുള്ള സൗഹൃദത്തെ പലരും തെറ്റായാണ് വ്യാഖ്യാനിച്ചത്. അതിൽ തനിക്ക് വിഷമം ഉണ്ടെന്നും അതിനാൽ ഒഴിയണമെന്നുമാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. എന്നാൽ തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു. പക്ഷേ ഹരീഷ് സാൽവെ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന് സ്ഥാനം ഒഴിയാൻ അനുമതി നൽകി.

Related News