ഓക്സിജൻ ക്ഷാമം; പരിഹാരവുമായി വ്യോമസേന; സിംഗപ്പൂരിൽ നിന്നും ഓക്സിജൻ എത്തിക്കും

  • 24/04/2021

കൊൽക്കത്ത: രാജ്യത്ത് കൊറോണ രൂക്ഷമാകുന്നതിനിടെ രോഗികൾക്കുള്ള ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സിംഗപ്പൂരിൽ നിന്നും ഓക്സിജൻ എത്തിക്കാനൊരുങ്ങി വ്യോമസേന. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ നിന്നും വ്യോമസേനാ വിമാനത്തിൽ ഓക്സിജന്റെ വലിയ ടാങ്കറുകൾ കയറ്റുന്നതിൻറെ ചിത്രം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ വക്താവ് പുറത്തുവിട്ടു.

വൻ കപ്പാസിറ്റിയുള്ള നാല് ടാങ്കറുമായാണ് പശ്ചിമബംഗാളിലെ പനാഗർ എയർ ബേസിലേക്ക് വ്യോമസേന വിമാനമെത്തുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ വക്താവ് ട്വീറ്റിലൂടെ വിശദമാക്കുന്നത്. കൊറോണ വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല ആശുപത്രികളിലും രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ തീരുമെന്നും സ്ഥിതി അതീവ ​ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രം​ഗത്തെത്തിയിരുന്നു.

ചില ആശുപത്രികൾ രോ​ഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ നിർത്തിവച്ച സ്ഥിതിയാണുള്ളത്. രാജ്യത്ത് ഇന്നും മൂന്നര ലക്ഷത്തോളം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Related News