നേപ്പാൾ വഴി യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി: നിരവധി പ്രവാസികൾ കുടുങ്ങിക്കിടക്കുന്നു

  • 26/04/2021


റിയാദ്: കൊറോണ വ്യാപനം മൂലം ഗൾഫ് രാജ്യങ്ങളിലേയ്ക്ക്‌ നേപ്പാൾ വഴി യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. വിദേശികൾക്ക് കൊറോണ പരിശോധന നടത്തുന്നത് നേപ്പാൾ കഴിഞ്ഞ ദിവസം നിർത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഇപ്പോൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

വിദേശികളുടെ കൊറോണ പരിശോധന നിർത്തിവെയ്‍ക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കിയത്. നേപ്പാളിൽ കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നേപ്പാൾ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, നേപ്പാളിൽ സ്ഥിരതാമസക്കാരായ വിദേശികൾ എന്നിവർക്ക് മാത്രമായി ആർ.ടി. പി.സിആർ പരിശോധനകൾ പരിമിതപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രവാസികളിൽ പലരും നേപ്പാൾ വഴിയുള്ള യാത്ര തെരഞ്ഞെടുത്തത്. 14 ദിവസം നേപ്പാളിൽ താമസിച്ച ശേഷം അവിടെ നിന്ന് കൊറോണ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമായിരുന്നു. 

സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് ഇപ്പോൾ നേപ്പാളിലുള്ളവരിൽ ഏറെയും. കൊറോണ പരിശോധനാ ഫലമില്ലാതെ സൗദി അറേബ്യയിൽ പ്രവേശിക്കാനാവാത്തതിനാൽ ഇവരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുയാണിപ്പോൾ.

Related News