കുവൈറ്റ് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളില്‍ വിദേശികള്‍ക്ക് പ്രവേശനത്തിന് സാധ്യത തെളിയുന്നു.

  • 26/04/2021

കുവൈത്ത് സിറ്റി : കര്‍ശനമായ കോവിഡ് നിബന്ധനകളോടെ  വിദേശികളെ അനുവദിക്കാന്‍ കുവൈത്ത് ഒഴിച്ചുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തയ്യാറാകുന്നതായി സൂചന. മേഖലയില്‍  കോവിഡ് കേസുകൾ  വർധിച്ചതോടെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ പ്രവേശന വിലക്ക് അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ ഗൾഫ് രാജ്യങ്ങള്‍ കൊണ്ടുവന്നിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്  പരിമിതമായ രീതിയിലാണ് സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും ബഹ്‌റൈനും വിദേശികളെ അനുവദിക്കുക. 

സൗദി അറേബ്യയില്‍ അടുത്ത മാസത്തോടെ ഭാഗികമായ രീതിയില്‍ വ്യോമ ഗതാഗതം പുനരാംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 സെപ്റ്റംബറിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തുപോകാനും അനുവദിക്കുന്നത് ഉൾപ്പെടെ നിരവധി ഒഴിവാക്കലുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് താമസരേഖയുള്ള വിദേശികള്‍ക്കും നിയന്ത്രണങ്ങളോടെ രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ അനുവദിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഇടത്താവളമാക്കി യാത്ര അനുവദിച്ചിരുന്നുവെങ്കിലും യുഎഇയിലടക്കം വിമാനങ്ങള്‍ നിരോധിച്ചത് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. ഡോക്ടർമാർ, നഴ്സുമാർ എന്നിവരെയും വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെയും തിരിച്ചെത്തിക്കാനുള്ള ചുരുക്കം രാജ്യാന്തര സർവീസുകൾ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്. 

യുഎഇയിലേക്ക് 2020 ഓഗസ്റ്റിൽ തന്നെ താമസ രേഖയുമുള്ള  വിദേശികളെ മടങ്ങാൻ അനുവദിച്ചിരുന്നു. സന്ദര്‍ശക വിസക്കാര്‍ക്കും അനുമതി നല്കിയ യുഎഇയില്‍ ഇന്ത്യയിലെ രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്ത് ദിവസത്തേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യു.എ.ഇ ഇടത്താവളമാക്കി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക്  യാത്ര പുറപ്പെട്ട നിരവധി മലയാളികളാണ് പ്രവേശന്‍ വിലക്കിനെ തുടര്‍ന്ന്  പ്രതിസന്ധിയിലായി. യാത്ര തുടരാനാവാതെ നിരവധി മലയാളികള്‍ മടങ്ങി. വിസ കാലാവധി കഴിഞ്ഞവരും തൊഴില്‍ സ്ഥാപനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാതെ പലര്‍ക്കും ജോലിയും താമസരേഖയും റദ്ദായി. 

ഏപ്രില്‍ 27 മുതല്‍ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും 48 മണിക്കൂറിനകമുള്ള ആര്‍.ടി.പി.സി.ആര്‍. ഫലം നിര്‍ബന്ധമാക്കി. ഇന്ത്യയില്‍നിന്ന് നേരിട്ടെത്തുന്ന യാത്രികര്‍ക്കും ഇന്ത്യയിലൂടെ ട്രാന്‍സിറ്റ് യാത്രികരായി എത്തുന്നവര്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.ബഹ്റൈനില്‍ എത്തിയാലുടന്‍ വിമാനത്താവളത്തില്‍വെച്ച് വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. ഇന്ത്യക്കുപുറമേ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികരും നടപടി പാലിക്കണം. മറ്റു യാത്രാനിബന്ധനകള്‍ തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഞായറാഴ്ചമുതല്‍ എല്ലാ യാത്രക്കാര്‍ക്കും ഖത്തര്‍ പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിലും ബഹ്റൈനിലും മാത്രമാണ് നിലവില്‍ ഇന്ത്യക്കാരെ നിബന്ധനകളോടെ അനുവദിക്കുന്നത്.ഫിലിപ്പൈന്‍സ്, ഇന്ത്യ, ശ്രീലങ്ക, കെനിയ, എത്യോപ്യ, ബംഗ്ലാദേശ്, എറിട്രിയ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തര്‍ പ്രവേശന അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് താത്ക്കാലികമായി കുടിയേറ്റ തൊഴിലാളികളുടെ നിയമനം നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഒമാനില്‍ താമസ രേഖയുള്ളവര്‍ക്കും  ഏപ്രിൽ 5 ന് മുമ്പ് നൽകിയ വിസയുള്ളവർക്കും  മാത്രമേ  പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയിലായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും  ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരുന്നു. ഇതോടെ  ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്.കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ അവസാനം മുതല്‍ നിയമത്തില്‍ ഇളവ് നല്‍കിയെങ്കിലും ഇപ്പോയത്തെ സര്‍ക്കുലര്‍ പ്രകാരം 80 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങിയവര്‍ക്ക് പുതിയ വീസയിലായിരിക്കും പ്രവേശനം അനുവദിക്കുക. 

Related News