കുവൈത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു :ഇളവുകൾക്ക് സാധ്യത

  • 28/04/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് 11,20,000 പേര്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് വാക്സിനേഷന് തുടക്കം കുറിച്ച് നാല് മാസം പിന്നിടുമ്പോഴാണ് ജനസംഖ്യയുടെ 27 ശതമാനം പേര്‍ക്ക് കുവൈത്ത് വാക്സിന്‍ നല്‍കിയത്. നേരത്തെ രാജ്യത്ത് 10 ലക്ഷം പേരിലധികം വാക്‌സിന്‍ എടുത്തു കഴിയുമ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പത്ര-മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സമുച്ചയങ്ങളിലെയും സമാന്തര വിപണികളിലെയും തൊഴിലാളികൾക്ക് പുറമേ ഫാക്ടറികളിലെയും ഉപഭോക്തൃ, ഭക്ഷ്യ ഉൽ‌പന്ന കമ്പനികളിലെയും തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ക്യാമ്പയിൻ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുത്തിവെപ്പ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കൂടുതല്‍ വാക്സിന്‍ സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.വാക്സിനുകള്‍ സ്വീകരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് ആശ്വാസത്തോടെയാണ് കുവൈത്ത് നോക്കികാണുന്നത്. ഇതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യതയെന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Related News