മോഡേണ വാക്സിൻ ആദ്യ ബാച്ച് ഉടന്‍ എത്തുമെന്ന് അധികൃതര്‍

  • 28/04/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 12 മില്യൺ ദിനാറിന്റെ മോഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യുവാനുള്ള തീരുമാനം വൈകുന്നു . മാര്‍ച്ചില്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്കിയ മോഡേണ വാക്‌സിന്‍റെ ആദ്യ കയറ്റുമതി ഒരു മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് നീളുകയായിരുന്നു. ബയോടെക്നോളജി കമ്പനിയായ മോഡേണയും അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മോഡേണ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് കുവൈത്ത് കരാറിന് അംഗീകാരം നൽകിയത്.  

ആരോഗ്യ മന്ത്രാലയവും വാക്സിൻ നിർമ്മാതാവും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ആദ്യ ബാച്ച് ഉടന്‍ തന്നെ കുവൈത്തിലെത്തുമെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. മോഡേണ വാക്സിന് അമേരിക്കൻ വിപണിയിൽ ആവശ്യമേറിയതാണ് വിതരണം വൈകുവാന്‍ കാരണമെന്ന് അറിയുന്നു. കോവിഡ് 19 തടയുന്നതിൽ 94 ശതമാനം  ഫലപ്രദമാണ്  മോഡേണ വാക്സിൻ.  ഫൈസര്‍ വാക്സിന്  സമാനമായ രീതിയിലാണ്  മോഡേണ പ്രവർത്തിക്കുന്നുവെന്നും പരമാവധി നേട്ടം കൈവരിക്കുന്നതിന് നാല് ആഴ്ചകൾക്കുള്ളിൽ രണ്ട് ഡോസുകൾ ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു. വാക്സിൻ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമാണ് വാക്സിൻ ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രാലയം അറിയിച്ചു. 

Related News