മോദിയ്ക്കെതിരായ #ResignModi ഹാഷ് ടാഗ്; പുന:സ്ഥാപിച്ച് ഫെയ്സ് ബുക്ക്

  • 29/04/2021

ന്യൂഡെൽഹി : മോദി രാജിവെക്കണം അഥവാ #ResignModi എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകൾ ‘ ഫെയ്സ്ബുക്ക് പുനഃസ്ഥാപിച്ചു. ഇതിനൊപ്പം നേരത്തേ ഹാഷ് ടാഗ് ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന വിശദീകരണവുമായി ഫെയ്സ്ബുക്ക് രംഗത്തെത്തി. കൊറോണ പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഫെയ്സ്ബുക്ക് വിലക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടതു കൊണ്ടല്ല. അതിനാൽ തന്നെ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്.” ഫെയ്സ്ബുക്ക് കമ്പനി വക്താവ് അറിയിച്ചു. പല കാരണങ്ങളാൽ ഫെയ്സ്ബുക്ക് ഹാഷ്ടാഗുകൾ നിരോധിക്കാറുണ്ട്.

ചിലത് ബോധപൂർവ്വം ചെയ്യും. ചിലത് നിലവിൽ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം സാങ്കേതികമായി തനിയേ ബ്ലോക്ക് ആവുന്നതാണ്. ഹാഷ്ടാഗുമായി ബന്ധപ്പെട്ട് വന്ന ഉള്ളടക്കം കാരണമാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഹാഷ്ടാഗ് പരിഗണിച്ചല്ല എന്നുമാണ് ഫെയ്സ്ബുക്ക് വിശദീകരണം.

ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. മഹാമാരിയുടെ കാലത്ത് സർക്കാരിനെ വിമർശിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ തടയുന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

കൊറോണ രണ്ടാം തരംഗം വലിയ ആഘാതമാണ് രാജ്യത്ത് സൃഷ്ടിച്ചത്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികമാണ് ഇന്ത്യയിലെ കൊറോണ കേസുകൾ. ആയിരക്കണക്കിനാളുകളാണ് ദിവസേന മരിച്ചു വീഴുന്നത്. ഡെൽഹിയിലും യുപിയിലും പഞ്ചാബിലും ഗുജറാത്തിലുമെല്ലാം ജനങ്ങൾ ഓക്സിജൻ കിട്ടാതെ മരിച്ച നടുക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് രണ്ടാം തരംഗത്തെ നേരിടാൻ കേന്ദ്രസർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നു വിമർശിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടായത്. മാത്രവുമല്ല ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തിൽ കൊറോണ വാക്സിൻ സംസ്ഥാനങ്ങൾ പണം കൊടുത്തു വാങ്ങണമെന്ന പുതിയ നയം വന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Related News