വാക്സിന്‍ സ്വീകരിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു; കുവൈത്ത് സാധാരണ ജീവതത്തിലേക്ക് മടങ്ങുന്നു

  • 29/04/2021

കുവൈത്ത് സിറ്റി : കോവിഡ്  പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതില്‍ വേഗത വര്‍ദ്ധിപ്പിച്ച്  കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇപ്പോയത്തെ സ്ഥിതിയില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിനേഷൻ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.മരണസംഖ്യയും രോഗവ്യാപനത്തിന്‍റെ തോതില്‍ കുറവ് വന്നതും രാജ്യത്തിന്  ആശ്വാസം നല്‍കുന്ന കാര്യമാണ്.

ഡിസംബര്‍ 24ന് ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍  ഇത് വരെയായി  പതിനൊന്നാര ലക്ഷത്തോളം ആളുകള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.  65 വയസ്സിന് മുകളിലുള്ളവരുടെ വാക്സിന്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചിട്ടുണ്ട്.  വാക്സിന്‍ കാമ്പയിന്‍ മെച്ചപ്പെട്ട സാഹചര്യത്തിൽ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. കര്‍ഫ്യൂ പൂർണ്ണമായും ഒഴിവാക്കുകയും വാണിജ്യ മേഖലകളും തൊഴിൽ മേഖലകളുമെല്ലാം വീണ്ടും ഉണരുകയും ചെയ്യുന്നതോടെ കുവൈത്ത് സാധാരണ ജീവതത്തിലേക്ക് മടങ്ങുമെന്നാണ് പ്രത്യാശിക്കുന്നത്. 
 
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യ അധികൃതർ വലിയ ശ്രമങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്.രാജ്യത്തെ  ആശങ്കപ്പെടുത്തുന്ന സൂചകങ്ങൾ കുറഞ്ഞതായും  അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സാധാരണ ജീവിതം കുവൈത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് സുഖം പ്രാപിച്ചുവരുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ്  പോസിറ്റീവ് എനർജിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  നൽകുന്നത് .

ആക്ടീവ് കേസുകളുടെ എണ്ണത്തിലും, സീരിയസ് കേസുകളിലും ഉണ്ടാകുന്ന കുറവും രാജ്യത്തെ രോഗ വിമുക്തിയുടെ പാതയിലേയ്ക്കു നയിക്കുന്നു.  2020 നവംബർ അവസാനത്തോടെ 95.4 ശതമാനവും,ഡിസംബറില്‍ 97.5 ശതമാനവും,ജനുവരി അവസാനത്തോടെ 95.6 ശതമാനവും,2021 ഫെബ്രുവരി അവസാനത്തോടെ 93.8 ശതമാനവും,മാർച്ച് 27 ന് 93 ശതമാനവും,ഏപ്രിൽ 27 ന് രോഗവിമുക്തി നിരക്ക്  93.8 ശതമാനവുമായി വര്‍ദ്ധിച്ചു . ഇന്‍റൻസീവ് കെയർ യൂണിറ്റുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 

ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെടുന്ന വിഭാഗം തൊഴിലാളികള്‍ക്കാണ് മുന്‍ഗണന നല്‍കിയാണ്  ഇപ്പോള്‍ വാക്സിനുകള്‍ കൊടുക്കുന്നത്.ഭൂരിപക്ഷം പേര്‍ക്കും  കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലൂടെ  സമൂഹത്തില്‍ ആര്‍ജിത പ്രതിരോധശേഷി കൈവരിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. 

അതിനിടെ  വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധനവും ജൂണ്‍ ആദ്യവാരത്തില്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നാണ് കരുതുന്നത്. അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്ര നിരോധനം ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും വരും ദിനങ്ങളിൽ കൂടുതൽ ശുഭ വാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം.

Related News