ഇന്ത്യയ്ക്ക്‌ സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ; യുനിസെഫ് 37 ലക്ഷം രൂപ നൽകി

  • 03/05/2021

സിഡ്‌നി: രണ്ടാം കൊറോണ തരംഗത്തിൽ പൊരുതുന്ന ഇന്ത്യയ്ക്ക്‌ സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. 50,000 അമേരിക്കൻ ഡോളറിൻറെ(ഏകദേശം 37 ലക്ഷത്തോളം രൂപ) പ്രാഥമിക സഹായം യുനിസെഫ് ഇന്ത്യ വഴി നൽകി.  

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഓക്‌സിജൻ എത്തിക്കാനും ടെസ്റ്റ് കിറ്റുകൾ വാങ്ങാനും വാക‌്‌സിൻ വിതരണത്തിനും ഈ തുക ഉപയോഗിക്കും. യുനിസെഫ് ഓസ്‌ട്രേലിയയുമായി ചേർന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയൻ ക്രിക്കറ്റേർസ് അസോസിയേഷനും കൂടുതൽ കൊറോണ സഹായം ഇന്ത്യക്കായി കണ്ടെത്തുന്നുണ്ട്. 

ഓസ്‌ട്രേലിയക്കാരും ഇന്ത്യക്കാരും തമ്മിൽ സവിശേഷ ആത്മബന്ധമുണ്ട്. രണ്ടു കൂട്ടരുടേയും ക്രിക്കറ്റിനോടുള്ള അഭിവേശം ഈ സൗഹൃദത്തിൻറെ കേന്ദ്രമാണ്. പാറ്റ് കമ്മിൻസും ബ്രെറ്റ് ലീയും ഇന്ത്യയോട് കാണിച്ച സ്‌നേഹവും സംഭാവനയും ആകർഷിച്ചതായും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താൽക്കാലിക ചീഫ് എക്‌സിക്യുട്ടീവ് നിക്ക് ഹോക്ക്‌ലി വ്യക്തമാക്കി. 

ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച ആദ്യ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന കമ്മിൻസ് 50,000 ഡോളർ ഇന്ത്യയുടെ പി എം കെയേർസ് ഫണ്ടിലേക്ക് കൈമാറി. ഓസ്‌ട്രേലിയൻ മുൻ സ്റ്റാർ പേസർ ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിൻ(ഏകദേശം 40 ലക്ഷത്തോളം രൂപ) സഹായവും പ്രഖ്യാപിച്ചിരുന്നു. 

ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ(1 കോടി രൂപ), ഡെൽഹി കാപിറ്റൽസിൻറെ ശിഖർ ധവാൻ(20 ലക്ഷം രൂപ), സൺറൈസേഴ്‌സ് ഹൈദരാബാദിൻറെ ശ്രീവാത്‌സ് ഗോസ്വാമി(90,000 രൂപ) എന്നിവരും കൊറോണ സഹായം പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊറോണ പോരാട്ടത്തിന് സഹായം കൈമാറിയിട്ടുണ്ട്.

Related News