രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ വൻതുക നീക്കിവച്ച്‌ എസ് ബി ഐ

  • 03/05/2021

കൊച്ചി : രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ 71 കോടി രൂപ നീക്കിവച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കൊറോണ യുടെ രണ്ടാം തരംഗത്തെ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന് ഈ തുക വിനിയോഗിക്കും.

കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ 1000 ബെഡുള്ള താൽക്കാലിക ആശുപത്രികൾ, 250 ഐസിയു ബെഡ് സൗകര്യങ്ങൾ, 1000 ഐസൊലേഷൻ ബെഡ് സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാൻ 30 കോടി രൂപ നീക്കിവയ്ക്കും.

അതത് നഗരങ്ങളിലെ സർക്കാർ ആശുപത്രികളും മുനിസിപ്പൽ കോർപ്പറേഷനുകളുമായി സഹകരിച്ചായിരിക്കും ഈ സൗകര്യങ്ങൾ ഒരുക്കുക. താൽക്കാലിക ആസ്പത്രികൾ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിനായി വിവിധ കേന്ദ്രങ്ങളുമായി എസ്ബിഐ ചർച്ച നടത്തുന്നുണ്ട്. ജീനോം സീക്വൻസിങ് ഉപകരണങ്ങൾ, ലാബ്, വാക്സിൻ ഗവേഷണ ഉപകരണങ്ങൾ എന്നിവയ്ക്കായി സർക്കാരുകൾക്ക് 10 കോടി രൂപയും എസ്ബിഐ നൽകും.

ഇതിന് പുറമെ, പൗരന്മാരുടെ അടിയന്തിര വൈദ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ജീവൻ രക്ഷോപകരണങ്ങൾ വാങ്ങാനും, ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം വർധിപ്പിക്കാനും, 17 പ്രാദേശിക ഹെഡ് ഓഫീസുകൾക്ക് 21 കോടി രൂപ എസ്ബിഐ അനുവദിച്ചിട്ടുണ്ട്.

പരിശോധനകളും വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്തൽ, കൊറോണ ഹെൽപ്പ്ലൈൻ സജ്ജമാക്കൽ, ഓക്സിജൻ വിതരണവും മറ്റ് നിർണായക പ്രവർത്തനങ്ങളും സംഘടിപ്പിക്കൽ എന്നിവയ്ക്കായി എൻജിഒകളുമായി സഹകരിച്ച്‌ 10 കോടി രൂപയും എസ്ബിഐ നൽകും. പിപിഇ കിറ്റുകൾ, മാസ്‌കുകൾ, റേഷൻ, പാചകം ചെയ്ത ഭക്ഷണം എന്നിവയുടെ വിതരണവും ബാങ്ക് തുടരും.

കഴിഞ്ഞ വർഷം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാർഷിക ലാഭത്തിന്റെ 0.25 ശതമാനം നീക്കിവച്ച എസ്ബിഐ, പി.എം കെയർസ് ഫണ്ടിലേക്ക് 108 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇതിന് പുറമെ, സർക്കാരിന്റെ വാക്സിനേഷൻ യജ്ഞത്തെ പിന്തുണയ്ക്കുന്നതിനായി 11 കോടി രൂപയും നൽകി.

Related News