രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്രധാനമന്ത്രിയുടെ 'സെൻട്രൽ വിസ്ത'യുടെ പണി പൂ‍ർത്തിയാക്കാൻ അടിയന്തര നടപടി

  • 03/05/2021

ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിലും പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂ‍ർത്തിയാക്കാൻ അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് വാക്സിൻ,​ ഓഖ്സജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം,​ അവശ്യ സർവ്വീസായി അടയാളപ്പെടുത്തിയ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാ​ഗമായാണ് പ്രധാനമന്ത്രിയ്ക്കായി പുതിയ വസതി നി‍ർമ്മിക്കുന്നത്. ശക്തമായ എതിർപ്പുകൾക്കിടയിലും കൊവിഡ് കാലത്തും പുതിയ പാ‍ർലമെന്റ് മന്ദിരമടക്കമുള്ള നിർമ്മാണത്തിനായുള്ള സെൻട്രൽ വിസ്ത പദ്ധതി തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും ആദ്യം പണി പൂ‍ർത്തിയാക്കേണ്ടത് പ്രധാനമന്ത്രിയുടെ വസതിയാണെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 ഡിസംബറാണ് നിർമ്മാണം പൂ‍ർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയം. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കായുള്ള കെട്ടിടത്തിന്റെ നിർമ്മാണവും ഇതിനൊപ്പം പൂ‍ർത്തിയാക്കും. 13450 കോടി രൂപയുടെ പദ്ധതിയാണ് സെൻട്രൽ വിസ്ത. 46000 പേർക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2022 മേയിൽ ഉപരാഷ്ട്രപതിയുടെ വസതിയുടെ നിർമ്മാണം പൂർത്തിയാക്കും. പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളടക്കം ചോദ്യം ചെയ്ത് സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തേ സുപ്രീംകോടതിയിൽ വിവിധ സംഘടനകൾ ഹർജികൾ നൽകിയിരിന്നു. 

എന്നാൽ പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെയുള്ള സെൻട്രൽ വിസ്താ പദ്ധതിയുടെ നിർമ്മാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. പദ്ധതി നിയമപരമായി നിലനിൽക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെൻട്രൽ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി വിധിച്ചിരുന്നു. ഡിസംബർ പത്തിന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ സുപ്രിം കോടതി അനുമതി നൽകിയിരുന്നെങ്കിലും തുടർ നിർമാണ പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ല.

Related News