ഇന്ത്യയ്ക്ക് 510 കോടി രൂപ വിലമതിക്കുന്ന മരുന്നുകൾ നൽകാനൊരുങ്ങി ഫൈസർ

  • 03/05/2021

ന്യൂഡെൽഹി: കൊറോണ വ്യാപനം രൂക്ഷമായ ഇന്ത്യക്ക് 510 കോടി(70 മില്യൺ ഡോളർ) രൂപയിൽ അധികം വിലമതിക്കുന്ന മരുന്നുകൾ നൽകാനൊരുങ്ങി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ. യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ മരുന്നുകൾ ഇന്ത്യയിലെ കൊറോണ ചികിത്സയ്ക്കായി എത്തിക്കുമെന്ന് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബുർല അറിയിച്ചു.

ഇന്ത്യയിൽ കൊറോണ വ്യാപനം അതി തീവ്രമായ സാഹചര്യത്തിലാണ് ഫൈസറിന്റെ തീരുമാനം. യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെ ഫൈസർ ജീവനക്കാർ കൊറോണ ചികിത്സാക്കായി ഇന്ത്യ ഉപയോഗിക്കുന്ന മരുന്നുകൾ കയറ്റി അയക്കാനായി പരിശ്രമിക്കുകയാണ്.

രാജ്യത്തുടനീളമുള്ള സർക്കാർ ആശുപത്രികളിലെ ഓരോ കൊറോണ രോഗിക്കും ആവശ്യമായ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇവ സംഭാവന ചെയ്യുന്നതെന്നും ബുർല പറഞ്ഞു. മരുന്നുകൾ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനായി സർക്കാരുമായും സന്നദ്ധ സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ആൽബർട്ട് ബുർല കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഗുരുതരമായ കൊറോണ രോഗവ്യാപനത്തിൽ ആശങ്കാകുലരാണെന്ന് ഫൈസർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഈ മഹാവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പങ്കാളിയാകാൻ പ്രതിജ്ഞാബദ്ധരാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിക്കുയാണെന്നും ബുർല പറഞ്ഞു.

Related News