ഇന്ത്യയിൽ മൂന്നാം കൊവിഡ് തരംഗം വരാതിരിക്കാൻ മുന്നിലുള്ളത് മൂന്ന് വഴികൾ മാത്രമെന്ന് എയിംസ് മേധാവി

  • 04/05/2021

ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് ശ്വാസംമുട്ടുമ്ബോൾ ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇപ്പോൾ കൊവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങൾ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗണ്ട്, രാത്രികാല കർഫ്യൂ എന്നിവ കൊണ്ട് വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യവ്യാപകമായി അടച്ചുപൂട്ടൽ കൊണ്ട് കൊവിഡ് നിയന്ത്രിക്കാനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച്‌ നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് അത് സഹായകരമായിരിക്കും എന്ന് അദ്ദേഹം മറുപടി നൽകി. രോഗവ്യാപനത്തിന്റെ തോത് കുറച്ച്‌, ഓക്സിജൻ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം കാണാൻ അതു സഹായിക്കും. കൂടാതെ രാജ്യത്തെ ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കും. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ മൂന്ന് കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്, രണ്ടാമതായി കൊവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗങ്ങൾ കൈക്കൊള്ളണം, മൂന്നാമതായി വളരെ പെട്ടെന്ന് കൂടുതലാളുകൾക്ക് വാക്സിൻ നൽകണം. ഈ മാർഗങ്ങളിലൂടെ മാത്രമേ രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ ഒഴിവാക്കാനാവു.

ലോക്ഡൗൺ ഏർപ്പെടുത്തുക വഴി ബ്രിട്ടന് കൊവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തിൽ തടയാൻ കഴിഞ്ഞു. എന്നാൽ ഇന്ത്യയിൽ ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് ഭരണകൂടമാണെന്നും, ജനത്തിന്റെ ഉപജീവനം ഉൾപ്പടെയുള്ള കാര്യങ്ങൾ അവർ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് കേസുകൾ ഇനിയും വർദ്ധിക്കുകയാണെങ്കിൽ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ കൂടുതൽ പേരിലേക്ക് വാക്സിനേഷൻ എത്തുന്നതോടെ മൂന്നാം തരംഗത്തെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related News