രണ്ടായിരത്തോളം പ്രവാസി അധ്യാപകര്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു; പലരും ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍.

  • 05/05/2021

കുവൈത്ത് സിറ്റി: കൊറോണ സുപ്രീം കമ്മിറ്റി അനുമതി നല്‍കിയതോടെ പുതിയ അധ്യായന വര്‍ഷത്തിന് മുമ്പായി കുവൈത്തിലേക്ക് 2,217 അധ്യാപകര്‍ തിരിച്ചെത്തും. എന്നാല്‍, കൊവിഡ് പ്രതിസന്ധി സമയത്ത് വീടുകളില്‍ കുടുങ്ങി പോയതിനാല്‍ പ്രവാസികളായ അധ്യാപകര്‍ ജോലി നഷ്ടമാകുമോയെന്ന ആശങ്കയിലാണ്. 

അധ്യാപകരെ രാജ്യത്തേക്ക് മടക്കി കൊണ്ട് വരാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥന അംഗീകരിച്ചതായി മന്ത്രിസഭ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. 

രാജ്യത്തിന് പുറത്തായിരുന്നപ്പോള്‍ താമസ വിസയുള്ള കാലാവധി കഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അത് പുതുക്കാനുള്ള മാര്‍ഗവും കൊണ്ട് വരും. വിമാനത്താവളം അടച്ചത് കൊണ്ടും പ്രവാസി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് കൊണ്ടുമാണ് പലര്‍ക്കും രാജ്യത്തേക്ക് വരാന്‍ സാധിക്കാതിരുന്നത്. 

2021/22 അധ്യായന വര്‍ഷത്തിന്‍റെ തുടക്കം തന്നെ അധ്യാപകര്‍ തിരിച്ചെത്തുമെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. താമസ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് എന്‍ട്രി വിസ നല്‍കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ അവസരമൊക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഇതുവരെ വന്നിട്ടില്ല. 

അതേസമയം, അധ്യാപകരുടെ കുടുംബത്തിന് പ്രവേശനം അനുവദിക്കുന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. 700ല്‍ അധികം പേരുടെയെങ്കിലും വിസ കാലാവധി കഴിഞ്ഞു പോയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതിനിടെ 372 അധ്യാപകരെ പിരിച്ച് വിട്ട് അതേ യോഗ്യതയുള്ള കുവൈത്തികളെ നിയമിച്ചിട്ടുമുണ്ട്. സ്വദേശിവത്കരണത്തിന്‍റെ ഭാഗമായിട്ടാണ് നിയമനം നടന്നത്.

Related News