വിദേശ തൊഴിലാളികൾക്ക് ഒരു വര്‍ഷത്തിന് ശേഷം സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി നല്കി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ

  • 05/05/2021

കുവൈത്ത് സിറ്റി :  വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന  തൊഴിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാന്‍ ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഒരുങ്ങുന്നു. പുതിയ നിര്‍ദ്ദേശ പ്രകാരം  വിദേശ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം സ്പോൺസർഷിപ്പ് മാറ്റം അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ മൂന്ന് വര്‍ഷം കഴിഞ്ഞാലേ തൊഴിൽ സ്ഥാപന മാറ്റം അനുവദിച്ചിരുന്നുള്ളൂ. ഇതോടെ കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്കും ജോലിയിലേക്കും മാറാൻ കഴിയും. കുവൈത്തില്‍  ഉപജീവനം തേടിയ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള പ്രവാസി തൊഴിലാളികള്‍ക്ക്  ഏറെ അനുഗ്രഹമാണ് ഈ തൊഴിൽ നിയമ പരിഷ്കാരം

തൊഴിൽ വകുപ്പിലെ പട്ടികയിൽ രജിസ്റ്റർ ചെയ്ത  തൊഴിലുടമകളുടെ വർക്ക് പെർമിറ്റിലുള്ള പ്രവാസി തൊഴിലാളികൾക്ക് മൂന്ന് വർഷത്തിനുപകരം വർക്ക് പെർമിറ്റ് നൽകിയ തീയതി മുതൽ ഒരു വർഷത്തിനുശേഷം മറ്റൊരു തൊഴിലുടമയിലേക്ക് മാറാൻ അനുമതിയുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം), അഹമ്മദ് അൽ-മൂസ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .

കൊറോണ വൈറസ്  പാൻഡെമിക്   തൊഴിൽ വിപണിയിൽ ഉണ്ടാക്കിയ തൊഴിലാളി ക്ഷാമത്തിന്റെ  വെളിച്ചത്തിലാണ് ഈ തീരുമാനം. പബ്ലിക് അതോറിറ്റി നിഷ്കർഷിക്കുന്ന ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കും തൊഴിൽമാറ്റം അനുവദിക്കുക.  നിലവിലെ കാലയളവിൽ തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങൾക്കുള്ള മറുപടിയായാണ് ഈ തീരുമാനം വന്നതെന്നും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Related News